
ബെംഗളൂരു: ചികിത്സയ്ക്കായി തന്റെ ക്ലിനിക്കിലെത്തിയ 21 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡെർമറ്റോളജിസ്റ്റ് അറസ്റ്റിലായി. 56 വയസ്സുള്ള ഡോ. പ്രവീൺ ആണ് അറസ്റ്റിലായത്.(Dermatologist arrested for sexually assaulting 21-year-old woman who came for treatment)
ഒക്ടോബർ 18-ന് ചർമ്മത്തിലെ അണുബാധയെത്തുടർന്നാണ് യുവതി ഡോ. പ്രവീണിനെ കാണാൻ പോയതെന്നും, അവിടെ വച്ച് തനിക്ക് ദുരനുഭവമുണ്ടായെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പരിശോധനയ്ക്കിടെ ഡോ. പ്രവീൺ നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു. പരിശോധനയുടെ ഭാഗമാണെന്ന് കരുതി യുവതി അത് അനുസരിച്ചു.
എന്നാൽ, ഇതിനുശേഷം ഇയാൾ അനുചിതമായി സ്പർശിക്കുകയും ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് ഇയാൾ യുവതിയോട് അസഭ്യം പറയുകയും ഒരു ഹോട്ടലിൽ വന്ന് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം യുവതി ഉടൻ തന്നെ കുടുംബത്തെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയെത്തുടർന്ന്, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75 (ലൈംഗിക പീഡനം), സെക്ഷൻ 79 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള സംസാരം, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം പോലീസ് കേസെടുത്തു. കുറ്റാരോപിതനായ ഡോക്ടറെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.