ബെംഗളൂരുവിൽ ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; മലയാളി ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരുവിൽ ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; മലയാളി ദമ്പതികൾ അറസ്റ്റിൽ
Published on

ബെംഗളൂരു: ഡെലിവറി ബോയിയെ കാറിടിപ്പിച്ച് മനഃപൂർവം കൊലപ്പെടുത്തിയ കേസിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും ഭാര്യയെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കളരി പരിശീലകനാണ് അറസ്റ്റിലായ മലയാളി യുവാവ്.

മലപ്പുറം സ്വദേശി മനോജ് കുമാർ (32), ഭാര്യ ജമ്മുകാശ്മീർ സ്വദേശിനി ആരതി ശർമ്മ (30) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ടയാൾ: ഡെലിവറി ബോയിയായ ദർശൻ (24). ഒക്ടോബർ 25-ന് ദക്ഷിണ ബെംഗളൂരുവിലെ നടരാജ ലേഔട്ടിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

ദമ്പതികൾ സഞ്ചരിച്ച കാറിൻ്റെ റിയർ വ്യൂ മിററിൽ ദർശൻ്റെ സ്കൂട്ടർ തട്ടിയതിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ദർശൻ ദമ്പതികളോട് മാപ്പ് പറഞ്ഞ ശേഷം സ്ഥലത്തുനിന്ന് പോയിരുന്നു. എന്നാൽ കുപിതനായ മനോജ് കുമാർ, കാർ യൂടേൺ എടുത്ത് ഏകദേശം രണ്ട് കിലോമീറ്ററോളം ദർശനെ പിന്തുടർന്നു. തുടർന്ന് പിന്നിൽ നിന്ന് മനഃപൂർവം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദർശനും സ്കൂട്ടറിൻ്റെ പിന്നിലിരുന്ന വരുൺ എന്നയാളും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദർശൻ്റെ ജീവൻ രക്ഷിക്കാനായില്ല.

പോലീസ് ആദ്യം ഇതൊരു സ്വാഭാവിക റോഡപകട മരണമായാണ് കരുതിയത്. ദർശൻ്റെ സഹോദരി മരണത്തിൽ സംശയം ഉണ്ടെന്ന് കാണിച്ച് ജെ.പി. നഗർ ട്രാഫിക് പോലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത് അപകട മരണമല്ല, ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.അറസ്റ്റിലായ ദമ്പതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com