കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി;വീഡിയോ| Delivery Agent

നിരവധി പേർക്ക് പ്രചോദനവും മാതൃകയും ആണ് വീണാ ദേവി എന്ന 52 -കാരി
Delivery agent
TIMES KERALA
Updated on

ജീവിതത്തിലെ ചെറിയ പ്രതിസന്ധികളിൽ തളർന്നുപോകുന്ന അനേകായിരങ്ങൾ ഉണ്ട്. അത്തരത്തിലുള്ള നിരവധി പേർക്ക് പ്രചോദനവും മാതൃകയും ആണ് വീണാ ദേവി എന്ന 52 -കാരി. ശരീരത്തിന്റെ പകുതി പക്ഷാഘാതത്താൽ തളർന്നു. അത് വകവയ്ക്കാതെ ഡെലിവറി ഏജൻറ് ആയി ജോലി ചെയ്യുകയാണ് ഇവർ. വീണാ ദേവിയുടെ മനോധൈര്യം ആയിരക്കണക്കിന് ആളുകളുടെ മനസ്സിനെയാണ് സ്പർശിച്ചത്. പക്ഷാഘാതം ബാധിച്ച അവസ്ഥയിലും കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ ഛത്തീസ്ഗഢിൽ സെപ്റ്റോയുടെ ഡെലിവറി ഏജന്റായി ജോലി നോക്കുകയാണ് വീണ. മോഡലായ മല്ലിക അറോറ തങ്ങളുടെ കൂടിക്കാഴ്ചയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് വീണാ ദേവിയുടെ ജീവിതം പുറംലോകം അറിഞ്ഞത്. (Delivery Agent)

ദൃശ്യങ്ങളിൽ അറോറ വീണയോട് ഉപജീവനത്തിനായി എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നു. വടിയുടെ സഹായത്തോടെ സ്കൂട്ടറിൽ സെപ്റ്റോ ഓർഡറുകൾ ‌വിതരണം ചെയ്യുന്നു എന്ന് അഭിമാനത്തോടെ മറുപടി. പിന്നീടുള്ള അറോറയുടെ ചോദ്യങ്ങൾക്ക് ശാന്തമായി തന്റെ ശാരീരികാവസ്ഥ വെളിപ്പെടുത്തുന്നു. വീണയുടെ ധൈര്യത്തിൽ പ്രചോദിതയായ അറോറ ആളുകൾക്ക് നിങ്ങളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എന്തുചെയ്യണമെന്ന് അന്വേഷിക്കുന്നു. എന്നാൽ വീണയുടെ ഉത്തരം ലളിതമായിരുന്നു. 'നിങ്ങൾ എന്നെ പിന്തുണച്ചാൽ മാത്രം മതി.'

ദൃശ്യങ്ങൾ പങ്കുവെച്ച് അടിക്കുറിപ്പിൽ അറോറ ഇങ്ങനെ എഴുതി, 'ചില ആളുകൾ വെറുതെ ജീവിക്കുകയല്ല, അവർ ഓരോ ദിവസവും പോരാടുകയാണ്. അവർ ഡെലിവർ ചെയ്തത് ഒരു ഓർഡറല്ല. ഒരു പ്രചോദനമായിരുന്നു.' വീണയുടെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് അനവധി ലൈക്കുകളും കമന്റുകളും ആണ് ലഭിക്കുന്നത്. സെപ്റ്റോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടും പ്രതികരണവുമായി എത്തി. വീണയുടെ കഠിനാധ്വാനത്തിലും സ്ഥിരോത്സാഹത്തിലും അഭിമാനം എന്നവർ കുറിച്ചു. ശാരീരികമായ വെല്ലുവിളികളെ അതിജീവിച്ച്, പുഞ്ചിരിച്ചുകൊണ്ട് സ്വന്തം ഉപജീവനം തേടുന്ന വീണയുടെ കഥ നിരവധി പേർക്ക് പ്രചോദനമാണ്.

Related Stories

No stories found.
Times Kerala
timeskerala.com