

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ രാത്രിയിൽ ഏറ്റവും തിളക്കമുള്ള നഗരമായി ദില്ലി മാറുകയാണ്. ടോക്കിയോക്കും സിംഗപ്പൂരിനും ഒപ്പമാണ് ദില്ലിയുടെയും ഈ നേട്ടം. ഇൻറർനാഷണൽ സ്‌പേസ് സ്റ്റേഷൻ (ഐഎസ്‌എസ്) എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകളിലാണ് രാത്രിയിൽ ഭൂമിയിലെ ഏറ്റവും തിളക്കമുള്ള നഗരങ്ങളിൽ ഒന്നായി ദില്ലിയെ മാറ്റിയത്. (Delhi)
പ്രകാശത്തിന്‍റെ കാര്യത്തിൽ ടോക്കിയോ, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളോട് കിടപിടിക്കുന്ന കാഴ്ചയാണ് ദില്ലി സമ്മാനിക്കുന്നത്. ഐഎസ്‌എസ് പകർത്തിയ ഈ ചിത്രങ്ങൾ തലസ്ഥാന നഗരിയിലുടനീളമുള്ള വിളക്കുകളുടെ ദൃശ്യ വിസ്മയം വ്യക്തമാക്കുന്നു. ഏകദേശം 34.67 ദശലക്ഷം ആളുകൾ ദില്ലിയിൽ താമസിക്കുന്നുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശമാണ് ദില്ലി. പ്രാദേശിക സമയം രാത്രി 10:54-ന് എടുത്ത ഈ ഫോട്ടോഗ്രാഫിൽ യമുനാ നദി നഗരത്തെ രണ്ടായി വിഭജിക്കുന്നത് വ്യക്തമായി കാണാം. മധ്യഭാഗത്തായി കാണുന്ന തിളക്കമുള്ള ദീർഘചതുരാകൃതിയിലുള്ള ഭാഗം ദക്ഷിണേഷ്യയിലെ ഏറ്റവും തിരക്കേറിയ വ്യോമയാന കേന്ദ്രങ്ങളിലൊന്നായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്.
തിളക്കമുള്ള നഗര കേന്ദ്രങ്ങളുടെ പട്ടികയിൽ സിംഗപ്പൂർ, ടോക്കിയോ, സാവോ പോളോ തുടങ്ങിയ ആഗോള പ്രമുഖ കേന്ദ്രങ്ങൾക്കൊപ്പം ദില്ലിയും നിലയുറപ്പിക്കുന്നുണ്ടെന്ന് ഐഎസ്‌എസ് കുറിച്ചു. ദൃശ്യങ്ങൾ ചർച്ചയായതോടെ സമൂഹ മാധ്യമങ്ങളിൽ പലരും രൂക്ഷമായ അന്തരീക്ഷ മലിനീകരണം ഉണ്ടായിരുന്നിട്ടും നഗരം ഇത്രയധികം തിളങ്ങുന്നതിൽ ചിലർ അത്ഭുതം പ്രകടിപ്പിച്ചു. മറ്റു ചിലർ പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് സ്വന്തം റോഡുകൾ തിരിച്ചറിയാനാണ് ശ്രമിച്ചത്. ബഹിരാകാശത്ത് മനുഷ്യ സാന്നിധ്യത്തിന്‍റെ തുടർച്ചയായ 25 വർഷം എന്ന നേട്ടം ഈ മാസം രണ്ടിന് ഐഎസ്‌എസ് ആഘോഷിച്ചിരുന്നു.