

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണത്തെത്തുടർന്നുണ്ടായ കനത്ത പുകമഞ്ഞിൽ (Smog) വ്യോമഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിൽ കാഴ്ചപരിധി (Visibility) ഗണ്യമായി കുറഞ്ഞതോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. നിരവധി വിമാനങ്ങൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
പുകമഞ്ഞ് കനത്തതോടെ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനും തടസ്സം നേരിട്ടു. കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിപുലമായ സുരക്ഷാ സംവിധാനമായ കാറ്റ് III (CAT III) ഉപയോഗിച്ചാണ് നിലവിൽ റൺവേയുടെ പ്രവർത്തനം തുടരുന്നത്.സർവീസുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
വായുനിലവാരം 'അതീവ ഗുരുതരം'
ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (AQI) 361 കടന്ന് 'അതീവ ഗുരുതരം' എന്ന അവസ്ഥയിലെത്തി. കടുത്ത ശൈത്യത്തിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും മലിനീകരണവും ചേർന്നതോടെ നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
മലിനീകരണം നിയന്ത്രിക്കാൻ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) പ്രകാരമുള്ള നിയന്ത്രണങ്ങൾ ഡൽഹിയിൽ തുടരുകയാണ്. വരും ദിവസങ്ങളിലും സമാനമായ സാഹചര്യം തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.