ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചന നൽകി എയർ ഇന്ത്യ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി 1 മുതൽ ഡൽഹിക്കും ഷാങ്ഹായിക്കും (PVG) ഇടയിലാണ് നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുക.(Delhi-Shanghai Air India non-stop flight service to resume from next year)
ആഴ്ചയിൽ നാല് തവണ സർവീസുകൾ ഉണ്ടാകും. ഈ വിമാനങ്ങൾ ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണ് പറക്കുക. അത്യാധുനിക ബോയിംഗ് 787-8 വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കണോമി ക്ലാസിൽ 238 വിശാലമായ സീറ്റുകളും ഇതിലുണ്ടാകും.
ഡൽഹി - ഷാങ്ഹായ് (AI352): വിമാനം ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് എത്തിച്ചേരും.
ഷാങ്ഹായ് - ഡൽഹി (AI351): വിമാനം രാത്രി 10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.15ന് എത്തിച്ചേരും.
2026-ൽ മുംബൈയ്ക്കും ഷാങ്ഹായിക്കും ഇടയിൽ നോൺ-സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കാനും എയർ ഇന്ത്യക്ക് പദ്ധതിയുണ്ട്. എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് രണ്ട് മഹത്തായ, പുരാതന നാഗരികതകൾക്കും ആധുനിക സാമ്പത്തിക ശക്തികേന്ദ്രങ്ങൾക്കും ഇടയിലുള്ള ഒരു പാലമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളെ തമ്മിൽ വീണ്ടും ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഊഷ്മളമായ ഇന്ത്യൻ ആതിഥ്യമര്യാദയോടെ ബിസിനസ്, വ്യാപാരം, വിദ്യാഭ്യാസം, സംസ്കാരം എന്നിവയിലെ അവസരങ്ങൾ പിന്തുടരാൻ യാത്രക്കാർക്ക് അവസരമൊരുക്കുകയാണ് എയർ ഇന്ത്യ എന്നാണ് കാംബെൽ വിൽസൻ്റെ പ്രതികരണം.
2019-ൽ ഇന്ത്യയും ചൈനയും തമ്മിൽ ഏകദേശം 2,588 ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ ഉണ്ടായിരുന്നു. കോവിഡ് മഹാമാരി, ഗാൽവാൻ ഏറ്റുമുട്ടൽ എന്നിവയെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്. നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരികയാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ തീരുമാനം. നേരത്തെ, ജൂലൈയിൽ, ചൈനീസ് വിനോദസഞ്ചാരികൾക്ക് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചിരുന്നു.