ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപം രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനുള്ള സംഘടിത അട്ടിമറി ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിൽ അറിയിച്ചു. ഈ അക്രമം പെട്ടെന്നുണ്ടായ ജനരോഷമായിരുന്നില്ലെന്നും ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നുമാണ് പോലീസിൻ്റെ പ്രധാന വാദം.(Delhi Police to file shocking affidavit in Supreme Court on 2020 Delhi riots)
വർഗീയ നിലപാടിൻ്റെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്ത, ആഴത്തിൽ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമാണ് കലാപമെന്ന് തെളിയിക്കുന്ന തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സി.എ.എ. (CAA) നിയമത്തിനെതിരായ ജനാഭിപ്രായം ആയുധമാക്കി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരെ ആക്രമണം നടത്താനാണ് പ്രതികൾ പദ്ധതിയിട്ടത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഏകോപിതമായ ശ്രമമായിരുന്നു. ഉത്തർപ്രദേശ്, അസം, പശ്ചിമ ബംഗാൾ, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാനമായ സംഭവങ്ങളുടെ ആവർത്തനമായിരുന്നു ഡൽഹിയിൽ നടന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.
വിദ്യാർത്ഥി പ്രവർത്തകരായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നതിൻ്റെ ഭാഗമായാണ് പോലീസ് സത്യവാങ്മൂലം സമർപ്പിക്കുന്നത്. കേസിലെ പ്രധാന പ്രതികളായ ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും ഡൽഹി പോലീസ് വിശേഷിപ്പിച്ചത് "ഗൂഢാലോചനയിലെ ബുദ്ധികേന്ദ്രം" (Intellectual Architects) എന്നാണ്.
2019 ഡിസംബറിൽ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ആദ്യകാല സംഘാടകരിൽ ഇവർ ഉൾപ്പെട്ടിരുന്നുവെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗങ്ങൾ, ലഘുലേഖകൾ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവയിലൂടെയാണ് ഇവർ ജനക്കൂട്ടത്തെ അണിനിരത്തിയത്. ഇതാണ് പിന്നീട് അക്രമം അഴിച്ചുവിടാനുള്ള ഏകോപിത പദ്ധതിയായി മാറിയതെന്ന് അന്വേഷണ സംഘം വാദിക്കുന്നു.
കലാപം നടന്ന സ്ഥലങ്ങളിൽ ഇരുവരും ഉണ്ടായിരുന്നില്ല എന്നത് ഇവരെ കുറ്റവിമുക്തരാക്കുന്നില്ല. കാരണം, അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ ഗൂഢാലോചന ആസൂത്രണം ചെയ്യുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്തിരുന്നു.
പ്രതികൾ അനാവശ്യമായി ഹർജികൾ നൽകി നീതിന്യായ പ്രക്രിയയെ ദുരുപയോഗം ചെയ്യുകയും വിചാരണ നടപടികൾ വൈകിപ്പിക്കുകയാണെന്നും ഡൽഹി പോലീസ് ആരോപിക്കുന്നു. 2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.