ന്യൂഡൽഹി: എയർ പ്യൂരിഫയറുകൾക്ക് ചുമത്തുന്ന 18 ശതമാനം ജിഎസ്ടി കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡൽഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.(Delhi High Court asks Centre to impose GST on air purifiers)
വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ എയർ പ്യൂരിഫയറുകൾ ജീവൻ നിലനിർത്താനുള്ള അവശ്യവസ്തുവാണ്. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് താൽക്കാലികമായെങ്കിലും ജിഎസ്ടിയിൽ ഇളവ് നൽകുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
അഭിഭാഷകനായ കപിൽ മദൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് (PIL) കോടതി നടപടി. എയർ പ്യൂരിഫയറുകളെ 'മെഡിക്കൽ ഉപകരണം' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നികുതി കുറയ്ക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.ഇന്ന് തന്നെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. ശീതകാല അവധിക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉറപ്പാക്കാനാണ് കോടതിയുടെ നീക്കം.