ന്യൂഡൽഹി : ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ശരാശരി വായു ഗുണനിലവാര സൂചിക (AQI) 300-ന് മുകളിൽ രേഖപ്പെടുത്തി. 323 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. നഗരത്തിലെ ഒന്നിലധികം പ്രദേശങ്ങളിൽ എക്യുഐ 400-ന് മുകളിലെത്തി, ഇത് വളരെ മോശം വിഭാഗമാണ്. സമീപ പ്രദേശങ്ങളായ നോയിഡയിലും ഗാസിയാബാദിലും വായു ഗുണനിലവാരം 'മോശം' വിഭാഗത്തിലാണ് തുടരുന്നത്.(Delhi government prepares for cloud seeding due to Air pollution is severe)
വരും ദിവസങ്ങളിലും വായു ഗുണനിലവാരം മോശം വിഭാഗത്തിൽ തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സർക്കാർ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ആന്റി സ്മോഗ് ഗണ്ണുകളും വാട്ടർ സ്പ്രിംഗ്ലറുകളും ഡൽഹിയിലെ പൊതുയിടങ്ങളിലും നിർമ്മാണ കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടിയായി ഈ മാസം 29-ന് 'ക്ലൗഡ് സീഡിങ്' (കൃത്രിമ മഴ പെയ്യിക്കൽ) നടത്തുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) നൽകിയ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 28-നും 30-നും ഇടയിലാണ് ക്ലൗഡ് സീഡിങ്ങിന് ഏറ്റവും അനുകൂലമായ കാലാവസ്ഥ. ഇത് പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. ക്ലൗഡ് സീഡിങ്ങിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.