ന്യൂഡൽഹി: വിഷപ്പുകയിലും കനത്ത മൂടൽമഞ്ഞിലും രാജ്യതലസ്ഥാനത്തെ ജനജീവിതം ദുസ്സഹമാകുന്നു. വായു ഗുണനിലവാര സൂചിക ഇന്ന് 382 എന്ന 'വളരെ മോശം' വിഭാഗത്തിൽ എത്തിയതോടെ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദൃശ്യപരത പലയിടങ്ങളിലും പൂജ്യത്തിലേക്ക് താഴ്ന്നത് ഗതാഗത സംവിധാനങ്ങളെ പൂർണ്ണമായും തകർത്തിരിക്കുകയാണ്.(Delhi choked by smog, Visibility zero in many places! 73 flights cancelled, red alert)
ഡൽഹി വിമാനത്താവളത്തിൽ ഇന്ന് മാത്രം 73 വിമാന സർവീസുകൾ റദ്ദാക്കി. നിരവധി സർവീസുകൾ മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. കേരളത്തിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയതിൽ ഉൾപ്പെട്ടത് മലയാളി യാത്രക്കാരെ പ്രതിസന്ധിയിലാക്കി. എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇടപെട്ടതിനെത്തുടർന്ന് എയർ ഇന്ത്യ ബദൽ സംവിധാനം ഒരുക്കി. വൈകിട്ട് 5 മണിക്കുള്ള വിമാനത്തിൽ കൊച്ചിയിലേക്കുള്ള യാത്രക്കാരെ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
കനത്ത മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. സാധുവായ മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ല.
ബി.എസ് 6 (BS-VI) നിലവാരത്തിന് താഴെയുള്ള വാഹനങ്ങൾക്ക് ഡൽഹി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പുറത്തുനിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി അതിർത്തികളിൽ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചു.