ന്യൂഡൽഹി: ചെങ്കോട്ടയിൽ ചാവേറാക്രമണം നടത്തിയ 'വൈറ്റ് കോളർ' ഭീകരസംഘം 2023 മുതൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ ആസൂത്രണം ചെയ്തിരുന്നതായി എൻ.ഐ.എ.യുടെ കണ്ടെത്തൽ. ഭീകരസംഘത്തിലെ പ്രധാനിയായ ഡോ. മുസമ്മിൽ ഷക്കീൽ ആണ് ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.(Delhi blast, 'White collar' group planned to carry out terror attacks across the country)
ചെങ്കോട്ട സ്ഫോടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടകവസ്തു ശേഖരവുമായി പിടിയിലായ മൂന്ന് ഡോക്ടർമാരിൽ ഒരാളാണ് മുസമ്മിൽ. ചാവേറാക്രമണം നടത്തിയ ഡോ. ഉമർ മുഹമ്മദിന്റെ അടുത്ത കൂട്ടാളിയാണ് ഇയാൾ. കഴിഞ്ഞ രണ്ടുവർഷമായി രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനം നടത്താനുള്ള തയ്യാറെടുപ്പുകൾ ഭീകരസംഘം നടത്തിവന്നിരുന്നു.
ഈ കാലയളവിൽ സ്ഫോടകവസ്തുക്കളും ബോംബ് നിർമ്മാണത്തിനുള്ള വസ്തുക്കളും റിമോട്ട് കൺട്രോൾ സംവിധാനങ്ങളും ഇവർ ശേഖരിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായുള്ള യൂറിയയും അമോണിയം നൈട്രേറ്റും അടക്കമുള്ളവ വാങ്ങാനുള്ള ചുമതല ഡോ. മുസമ്മലിനായിരുന്നു. ഇത്തരത്തിൽ മൂന്ന് ലക്ഷം രൂപയ്ക്കാണ് ഹരിയാണയിൽ നിന്ന് ഇയാൾ വളം വാങ്ങിയത്.
രാസവസ്തുക്കൾ സംസ്കരിച്ചെടുക്കുന്നതിന്റെ ചുമതല ഡോ. ഉമർ മുഹമ്മദിനായിരുന്നു. രാസവസ്തുക്കൾ പൊടിക്കാനായി ഇവർ ഒരു ഫ്‌ളോർമില്ലും ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലെ സ്ഫോടനത്തിനായുള്ള ഫണ്ടിങ് നടത്തിയത് ഈ ഡോക്ടർമാർ തന്നെയാണെന്നാണ് എൻ.ഐ.എ.യുടെ കണ്ടെത്തൽ. വൈറ്റ് കോളർ ഭീകരമൊഡ്യൂളിലെ അംഗങ്ങൾ ഏകദേശം 26 ലക്ഷത്തോളം രൂപയാണ് സ്ഫോടകവസ്തുക്കൾ വാങ്ങാനും മറ്റുമായി സ്വരൂപിച്ചത്.
ഡോ. ആദിൽ റാത്തർ എട്ട് ലക്ഷം രൂപയും, ഡോ. മുസഫർ റാത്തർ ആറ് ലക്ഷം രൂപയും, ഡോ. മുസമ്മിൽ ഷക്കീൽ അഞ്ച് ലക്ഷം രൂപയും, ഡോ. ഷഹീൻ സയീദ് അഞ്ച് ലക്ഷം രൂപയുമാണ് ഫണ്ടിനായി നൽകിയിരുന്നത്. ഈ തുക ഡോ. ഉമറിന് കൈമാറുകയും, ഇയാളുടെ വകയായി 2 ലക്ഷം രൂപ കൂടി ഇതിൽ ചേർക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ഡോ. ആദിൽ റാത്തറിന്റെ ലോക്കറിൽനിന്ന് കണ്ടെടുത്ത എ.കെ. 47 തോക്ക് ആറര ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്ന് മുസമ്മിൽ ഷക്കീൽ സമ്മതിച്ചു. പ്രതികൾക്ക് പരിശീലനം ലഭിച്ചതിനെക്കുറിച്ചും വിദേശബന്ധത്തെക്കുറിച്ചുമുള്ള വിവരങ്ങളും പുറത്തുവന്നു:
മൻസൂർ എന്നയാളാണ് ഷക്കീലിനായുള്ള ഭീകരപരിശീലനം നൽകിയത്. ഡോ. ഉമറിന് ഹാഷിം എന്നയാളാണ് പരിശീലനം നൽകിയത്. ഇബ്രാഹിം എന്നയാളുടെ നിർദ്ദേശമനുസരിച്ചാണ് ഇവർ രണ്ടുപേരും പ്രവർത്തിച്ചിരുന്നത്. തെഹ്‌രീകെ താലിബാൻ പാകിസ്താന്റെ (ടി.ടി.പി.) നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഉകാസ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് മുസമ്മിലും ആദിലും മുസഫറും തുർക്കി സന്ദർശിച്ചത്.
തുർക്കിയിൽ നിന്ന് അഫ്ഗാനിസ്താനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഒരാഴ്ചയോളം കാത്തിരുന്നെങ്കിലും അവസാനനിമിഷം പരിശീലനം നൽകിയിരുന്നയാൾ പിന്മാറിയതിനാൽ നീക്കം പരാജയപ്പെട്ടു. വൈറ്റ് കോളർ ഭീകരസംഘത്തിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ രാജ്യത്ത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എൻ.ഐ.എ. വിശദമായ അന്വേഷണം തുടരുകയാണ്.