ഡൽഹി സ്ഫോടനം: പൊട്ടിത്തെറിച്ചത് വാഹനത്തിൽ ഘടിപ്പിച്ച IED, ഷഹീന് ലഷ്കർ ബന്ധം ? ജെയ്ഷെ സ്ലീപ്പർ സെല്ലുകൾക്കായി വലവിരിച്ച് NIA | Delhi blast

ഭീകരർ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നത് മറ്റൊരു സ്ഥലത്തായിരുന്നു
Delhi blast, Vehicle-mounted IED exploded
Published on

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ ഭീകരാക്രമണത്തിൽ പൊട്ടിത്തെറിച്ചത് വാഹനത്തിൽ ഘടിപ്പിച്ച ഐ.ഇ.ഡി. ആണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) സ്ഥിരീകരിച്ചു. ഭീകരർ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നത് മറ്റൊരു സ്ഥലത്തായിരുന്നുവെന്നും, കാറിൽ കൊണ്ടുപോകവെ ബോംബ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചെന്നുമാണ് എൻ.ഐ.എ.യുടെ കണ്ടെത്തൽ.(Delhi blast, Vehicle-mounted IED exploded)

രാജ്യത്തുള്ള ജെയ്ഷെ സ്ലീപ്പർ സെല്ലുകളെ കണ്ടെത്താനായി എൻ.ഐ.എ. പരിശോധന വ്യാപകമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ചാവേറായ ഉമർ മുഹമ്മദ് ആണെന്ന് എൻ.ഐ.എ. നേരത്തെ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ജെയ്ഷെ സ്ലീപ്പർ സെല്ലുകൾ ഉണ്ടാക്കുന്നതിന് വേണ്ടി ഉമർ ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത്തരത്തിൽ ഒരു ശൃംഖല നിർമ്മിക്കാനായി ഇയാൾ സോഷ്യൽ മീഡിയയിൽ കൃത്യമായ ആസൂത്രണത്തോടെ ഇടപെടലുകൾ നടത്തിയിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ചാവേർ ഉമർ മുഹമ്മദിന്‍റെ കൂട്ടാളിയായ കശ്മീർ സമ്പൂര സ്വദേശി അമീർ റാഷിദ് അലിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനം നടത്താൻ ഉമറുമായി ഗൂഢാലോചന നടത്തിയ റാഷിദ് അലി, ഇതിനായി ഡൽഹിയിലെത്തി കാർ വാങ്ങി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതായും എൻ.ഐ.എ. അറിയിച്ചു.

ഉമറിന് വീട് വാടകയ്ക്ക് നൽകിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ ഹരിയാണയിൽനിന്ന് മറ്റു രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. തീവ്രവാദികളുമായി ബന്ധമുണ്ടെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്ത മൂന്നു ഡോക്ടർമാരടക്കം നാലുപേരെ വിട്ടയച്ചു. ഡോക്ടർമാരായ മുഹമ്മദ്, റഹാൻ, മസ്താഖിം, വളം വ്യാപാരി ദിനേശ് സിഗ്ള എന്നിവരെയാണ് വിട്ടയച്ചത്.

സ്ഫോടകവസ്തു ഉണ്ടാക്കുന്നതിനായി ഉമർ വലിയ അളവിൽ എൻ.പി.കെ. വളം വാങ്ങിയിരുന്നു. ഇതിൽനിന്നാണ് സ്ഫോടകവസ്തു നിർമ്മിച്ചത്. കഴിഞ്ഞ ഒരു വർഷമായി ചാവേറാകാൻ തയ്യാറായവരെ ഉമർ അന്വേഷിച്ചുവരുകയായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി. പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയായ ജാസിർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചാവേറാകാൻ ഉമർ നിർബന്ധിച്ചെന്ന് ഇയാളും മൊഴി നൽകിയിട്ടുണ്ട്.

ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീന് ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് സൂചന. ഇവരുമായി ബന്ധപ്പെട്ട നിർണായകമായ ഡയറിക്കുറിപ്പുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ.) ലഭിച്ചു. കേസിന്‍റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ നിലവിൽ അഫ്ഗാനിസ്ഥാനിലാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ. കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുകയാണ്. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന തുടരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോക്ടർ ഉമർ ഉപയോഗിച്ച ഫോണുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ എൻ.ഐ.എ. ശക്തമാക്കിയിട്ടുണ്ട്.

തുർക്കിയിൽ നിന്ന് 'അബു ഉകാസ' എന്നയാളാണ് ഡോക്ടർമാരുടെ ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് എന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിലെ പ്രധാന പ്രതി ഉമർ നബിയുടെ സഹായിയായ അമീർ റാഷിദിനെ എൻ.ഐ.എ. ഇന്നലെ പിടികൂടിയിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത വനിതാ ഡോക്ടർ അടക്കം മൂന്നുപേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

അറസ്റ്റിലായ ഭീകരൻ ആദിലിന്റെ സഹോദരനായ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ എൻ.ഐ.എ. ഊർജ്ജിതമാക്കിയിട്ടുണ്ട്. മുസാഫറാണ് സ്ഫോടനത്തിന്‍റെ സൂത്രധാരനെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾ ഉൾപ്പെടുന്ന ഒരു 'വൈറ്റ് കോളർ ഭീകര സംഘം' കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് എൻ.ഐ.എ.

Related Stories

No stories found.
Times Kerala
timeskerala.com