ന്യൂഡൽഹി: 12 പേർ കൊല്ലപ്പെട്ട ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫരീദാബാദ് ഭീകരസംഘം പിടിയിലായതിൽ പ്രകോപിതനായി, അവരുടെ കൂട്ടാളിയായ ഉമർ മുഹമ്മദ് ആസൂത്രണം ചെയ്ത ചാവേർ സ്ഫോടനമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Delhi blast, Umar Mohammad was a calm person, says his brother's wife)
ഡോക്ടർ ഉമർ മുഹമ്മദിൻ്റെ കശ്മീരിലെ വീട്ടിലെത്തിയ പോലീസ്, ഇയാളുടെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കുടുംബാംഗങ്ങൾ, ഉമറിന് ഭീകരബന്ധമുള്ളതായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി.
വീട്ടിൽ ശാന്ത സ്വഭാവമായിരുന്നു ഉമറിന് എന്നും ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുള്ളതായി അറിയില്ലെന്നും സഹോദരൻ്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. "കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമർ മുഹമ്മദുമായി സംസാരിച്ചിട്ടുള്ളത്. രണ്ട് മാസം മുൻപാണ് ഉമർ വീട്ടിലേക്ക് വന്നുപോയത്. ഡോക്ടറായി ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു." ഇത്തരമൊരു പശ്ചാത്തലമുള്ളതായി യാതൊരു സൂചനയും കുടുംബത്തിന് ലഭിച്ചിട്ടില്ല. വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ച് ഡോക്ടറാക്കിയത്. കേൾക്കുന്ന വാർത്തകൾ അവിശ്വസനീയമാണെന്നും സഹോദര ഭാര്യ കൂട്ടിച്ചേർത്തു.
പോലീസ് കസ്റ്റഡിയിലെടുത്ത ഉമറിൻ്റെ അമ്മയുടെയും സഹോദരൻ്റെയും ഡി.എൻ.എ. സാമ്പിളുകൾ, സ്ഫോടനസ്ഥലത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങളുമായി ഒത്തുനോക്കി ഉമറിനെ സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ20 കാറിൻ്റെ സഞ്ചാരപാത പോലീസ് കൃത്യമായി മാപ്പ് ചെയ്തു. സ്ഫോടനം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഫരീദാബാദ് ഭീകരസംഘാംഗം എന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദ് ഓടിച്ച കാർ ഡൽഹി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ കറങ്ങിയതായി പോലീസ് കണ്ടെത്തി.
രാവിലെ 8.00ന് ഫരീദാബാദ് ഭാഗത്തുനിന്ന് ബദർപൂർ ടോൾ ബൂത്തിലൂടെ കാർ ഡൽഹിയിലേക്ക് പ്രവേശിച്ചു. രാവിലെ 8.30ന് കാർ ഓഖ്ല പെട്രോൾ പമ്പിൽ എത്തി. ഇവിടെ കുറച്ചുനേരം നിർത്തിയിട്ടു. ഉച്ചയ്ക്ക് ശേഷം 3.30ന് രാവിലെ മുതൽ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപമുള്ള സെൻട്രൽ ഓൾഡ് ഡൽഹി മേഖലകളിലൂടെ കറങ്ങിയ ശേഷം കാർ റെഡ് ഫോർട്ട് (ചെങ്കോട്ട) പാർക്കിംഗ് ഏരിയയിൽ എത്തി.
വൈകുന്നേരം 6.30ന് സിസിടിവിയിൽ പതിഞ്ഞ പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തേക്ക് കടന്നു. ഇതിന് പിന്നാലെയാണ് ശക്തമായ സ്ഫോടനം നടന്നത്. തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് ലക്ഷ്യമിട്ടാണ് കാർ ഇത്രയും സമയം നഗരത്തിലൂടെ കറങ്ങിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ തെളിവുകൾക്കായി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണ്.