ഡൽഹി സ്ഫോടനം: ഉമറിനും ഭീകര സംഘത്തിനും പാക് ചാര സംഘടനയായ ISIയുടെ സഹായം ലഭിച്ചു ? | Delhi blast

ഉമറിന്റെ വീഡിയോക്ക് പിന്നിലും ഐ.എസ്.ഐയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്
Delhi blast, Umar and the terrorist group received help from Pakistan's spy agency ISI?
Published on

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ (ISI) സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ സ്വയം വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐ.എസ്.ഐയുടെ പങ്ക് എൻ.ഐ.എ. (NIA) പരിശോധിക്കുന്നുണ്ട്. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തിയതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.(Delhi blast, Umar and the terrorist group received help from Pakistan's spy agency ISI?)

സ്ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാലയിലെ മസ്ജിദിനോട് ചേർന്ന ഗേറ്റിലൂടെയാണ് ഉമർ രക്ഷപ്പെട്ടത്. തുടർന്ന് ഒൻപത് ദിവസം ഇയാൾ ഹരിയാനയിലെ നൂഹിൽ ഒളിവിൽ താമസിച്ചു. ഫോൺ ചാർജ് ചെയ്യാനായി ഒരു മെഡിക്കൽ സ്റ്റോറിൽ കയറിയതടക്കമുള്ള ഉമറിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഉമർ ഒരു ഐ20 കാറിൽ കറങ്ങിനടന്നതായി പലരും മൊഴി നൽകിയിട്ടുണ്ട്.

ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന മെഡിക്കൽ കോളേജിലെ നേഴ്സായ ഷൊയിബിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാജ്യത്ത് വൻ ആക്രമണങ്ങൾ നടത്താൻ ഭീകരവാദികളുടെ ശൃംഖല പദ്ധതിയിട്ടതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു.

ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ചെങ്കോട്ട സ്ഫോടനം നടത്തിയ സംഘം ഇതിനായി ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ പദ്ധതിയിട്ടെന്ന് എൻ.ഐ.എ. കണ്ടെത്തി.

സ്ഫോടകവസ്തുക്കൾ ഡ്രോണുകളിൽ ഘടിപ്പിച്ച് ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. കാറുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ചാവേറായി പൊട്ടിത്തെറിക്കുന്നത് കൂടാതെ മറ്റ് ആക്രമണ രീതികളും സംഘം ആസൂത്രണം ചെയ്തിരുന്നു. അറസ്റ്റിലായ ഷഹീൻ രണ്ട് വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു. തുർക്കിക്ക് പുറമെ മാൽദ്വീപിലേക്കും ഇയാൾ യാത്ര ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ ഉൻ നബിയാണ് ചാവേറെന്ന് എൻ.ഐ.എ. സ്ഥിരീകരിച്ചു. ചാവേറായി പൊട്ടിത്തെറിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് ഉമർ നബി സ്വയം ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. ചാവേറാകുന്നതിനെക്കുറിച്ച് സമൂഹം തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ചാവേറായുള്ള മരണം വീരമൃത്യുവാണെന്നും ഉമർ വീഡിയോയിൽ പറയുന്നുണ്ട്.

സ്ഫോടനത്തിന് രണ്ട് മാസം മുൻപ് ചിത്രീകരിച്ച ഈ വീഡിയോ ടെലഗ്രാമിലാണ് ഉമർ പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോയുടെ ആധികാരികത അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ചാവേറായി പൊട്ടിത്തെറിച്ച ഉമർ ഉൻ നബിക്ക് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയ അമീർ റാഷിദ് അലി ഉൾപ്പെടെയുള്ളവരെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com