delhi blast

ഡൽഹിയിൽ നടന്നത് ആസൂത്രിത ആക്രമണമല്ലെന്ന് ഉന്നത വൃത്തങ്ങൾ ; തീവ്രത കുറഞ്ഞ സ്ഫോടനമെന്നും നിഗമനം| Delhi blast

ചാവേർ ആക്രമണത്തിന്റെ സ്വഭാവമില്ല എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം.
Published on

ഡൽഹി : ഡൽഹി ചെങ്കോട്ട സ്ഫോടനം ചാവേറാക്രമണമല്ലെന്ന് നിഗമനം. ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലായിരുന്നു. വാഹനം ഓടിച്ചയാൾ പരിഭ്രാന്തിയിൽ സ്ഫോടനം ഉണ്ടാക്കുകയായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

ഡൽഹിയിലും ഹരിയാനയിലും പുൽവാമിയിലും നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. ഇതാണ് വേ​ഗത്തിലുള്ള ഒരു ആക്രമണത്തിലേക്ക് വഴി വെച്ചതെന്നാണ് വിവരം.ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് ചാവേർ ആക്രമണത്തിന്റെ സ്വഭാവമില്ല എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. കാർ പൊട്ടിത്തെറിച്ച സ്ഥലത്ത് വലിയ കുഴിയൊന്നും തന്നെ രൂപപ്പെട്ടിരുന്നില്ല.ബോംബിന്റെ നിർമാണം പൂർണ്ണമായും കഴിഞ്ഞിരുന്നില്ല. അതിനാൽ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞു എന്നാണ് അനുമാനം.

ഇരുമ്പ് ചീളുകളോ പ്രൊജക്റ്റൈലുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഫോടന സമയത്തും വാഹനം നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് പറയുന്നതിലെ പ്രധാന കാരണമിതാണ്. ചാവേർ ആക്രമണം ആയിരുന്നെങ്കിൽ ഈ വാഹനം ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് അതിവേ​ഗത്തിൽ നീങ്ങുകയോ അല്ലെങ്കിൽ ഇടിച്ചുകയറുകയോ ചെയ്യേണ്ടതാണ്. എന്നാൽ ഈ സംഭവത്തിൽ അങ്ങനെ ഉണ്ടായില്ല. കൂടാതെ, കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഐഇഡി സജ്ജമായിരുന്നില്ല.സ്ഫോടനമുണ്ടായിടത്ത് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ അന്വേഷണ ഏജൻസികളുടെ പരിശോധന തുടരുകയാണ്.

ഇന്നലെ വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചത്.

Times Kerala
timeskerala.com