ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ചെങ്കോട്ട സ്ഫോടനത്തിൻ്റെ ആസൂത്രകർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചതായി ഞെട്ടിക്കുന്ന സൂചനകൾ. അറസ്റ്റിലായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിദേശത്തുള്ള ഭീകരസംഘങ്ങളുമായി ബന്ധം പുലർത്തിയ അറസ്റ്റിലായവർക്ക് വിദേശത്ത് പരിശീലനം ലഭിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.(Delhi blast, terrorists received training in Afghanistan)
വിദേശത്തുള്ള ഭീകരർ ഇവർക്ക് എൻക്രിപ്റ്റഡ് മൊബൈൽ ആപ്പ് വഴി ബോംബ് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള 42 വീഡിയോകൾ അയച്ചു കൊടുത്തിട്ടുണ്ട്. ഭീകര സംഘത്തിന് എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി നിയന്ത്രിച്ച മൂന്ന് പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഈ മൂന്ന് പേരിൽ 'ഉകാസ' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്നയാളാണ് മുസമ്മിലിനെ തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. ഈ 'ഉകാസ' ഇന്ത്യാക്കാരൻ തന്നെയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. കർണാടക സ്വദേശിയും മുഹമ്മദ് ഷാഹിദ് ഫൈസലാണ് ഉകാസ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്നതെന്നാണ് വിവരം.
മംഗലാപുരം, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലെ സ്ഫോടനങ്ങൾ നടപ്പാക്കിയവരെ നിയന്ത്രിച്ചതും ഇയാളാണ്. ബെംഗളൂരുവിൽ നിന്ന് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ സാക്കിർ ഉസ്താദ് എന്നും അറിയപ്പെടുന്ന ഫൈസൽ, 2012-ൽ 28-ാം വയസ്സിൽ രാജ്യം വിട്ട് പാകിസ്ഥാനിൽ എത്തി. തുടർന്ന് ഭീകര സംഘങ്ങളുമായി ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നുകൊണ്ട് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടപ്പാക്കുകയാണ് ഇയാളുടെ രീതി.
2022-ൽ കോയമ്പത്തൂരിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരി കാറിൽ സ്ഫോടകവസ്തുക്കൾ നിറച്ച് പൊട്ടിത്തെറിച്ച സംഭവവുമായി ചെങ്കോട്ട സ്ഫോടനത്തിനുള്ള സാമ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൂടാതെ, നേരത്തെ അൽഫലാഹ് എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗിൻ്റെ പങ്കും അന്വേഷിക്കുന്നുണ്ട്.
ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണ ഏജൻസികൾ ബന്ധപ്പെട്ടവരോട് തേടിയിട്ടുണ്ട്. ഭീകര സംഘത്തിലെ മറ്റ് അംഗങ്ങളെ തേടി കാൺപൂരിലും ഇന്ന് പരിശോധന നടന്നു. ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസിന് ലഫ്. ഗവർണർ നിർണായക നിർദേശങ്ങൾ നൽകി.
നിശ്ചിത അളവിലുമധികം അമോണിയം നൈട്രേറ്റ് കൈകാര്യം ചെയ്യുന്നവരെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുക. ഭീകരവാദ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തുക. നഗരത്തിലെ പ്രധാന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുക.