ഫരീദാബാദ്: ഡൽഹി കാർ സ്ഫോടനക്കേസിലെ പ്രതിയായ മുസമ്മിൽ, ഫരീദാബാദിലെ ധോജ് ഗ്രാമത്തിലുള്ള ഒരു വീടിനുള്ളിലെ ഫ്ലോർ മിൽ (ധാന്യം പൊടിക്കുന്ന യന്ത്രം) രാസവസ്തുക്കൾ നിർമ്മിക്കാനുള്ള വർക്ക്‌ഷോപ്പാക്കി മാറ്റിയിരുന്നുവെന്ന് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇയാൾ നടത്തിയ തയ്യാറെടുപ്പുകളുടെ ഭീകരതയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.(Delhi blast, Terrorists converted flour mill into workshop )
ധാന്യങ്ങൾ പൊടിക്കാൻ ഉപയോഗിക്കുന്ന ഫ്ലോർ മിൽ, ഖര രൂപത്തിലുള്ള രാസ സംയുക്തങ്ങളെ നേർത്ത പൊടിയാക്കി മാറ്റാൻ സാധിക്കുന്ന ഉപകരണമാണ്. ഈ പൊടി പിന്നീട് സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള രാസപ്രവർത്തനങ്ങളിൽ ഉപയോഗിക്കാനാണ് മുസമ്മിൽ ഉദ്ദേശിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
മുസമ്മിൽ ഗനായിയുടെയും ഉമറിൻ്റെയും അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുറികളിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഡയറിക്കുറിപ്പുകളും നോട്ട്ബുക്കുകളും ഇവർ ഒന്നിലധികം ഭീകരവാദ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടിരുന്നതായി സൂചന നൽകുന്നു.
കോഡുഭാഷയിലുള്ള പരാമർശങ്ങളും, പേരുകളും, നമ്പറുകളും, 'ഓപ്പറേഷൻ' എന്ന വാക്കിൻ്റെ ആവർത്തിച്ചുള്ള ഉപയോഗവും ഇവർ ഒന്നിലധികം ആക്രമണങ്ങൾ ലക്ഷ്യമിട്ടിരുന്നുവെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
നോട്ട്ബുക്കുകളിലും ഡയറികളിലും നവംബർ 8 മുതൽ 12 വരെയുള്ള തീയതികളും കോഡുഭാഷയിലുള്ള പരാമർശങ്ങളും പേരുകളും നമ്പറുകളും ഉണ്ടായിരുന്നു. ഡയറികളിൽ 2530 ആളുകളുടെ പേരുകളും കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും മുസമ്മിലിൻ്റെയും ഉമറിൻ്റെയും സ്വദേശമായ ജമ്മു കശ്മീരിൽ നിന്നുള്ളവരും ഫരീദാബാദിൽ നിന്നുള്ളവരുമായിരുന്നു. 'ഡോക്ടർ മൊഡ്യൂൾ' സംഘത്തിൻ്റെ വ്യാപ്തി വെളിപ്പെടുത്തുന്ന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.