ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ചെങ്കോട്ടയിലെ കാർ ബോംബാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം വിരൽചൂണ്ടുന്നത് ഡോക്ടർമാർ ഉൾപ്പെടെയുള്ള 10 പേർ അടങ്ങുന്ന ഭീകര സംഘത്തിലേക്ക്. ഈ പത്ത് പേരും പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിന്റെ മൊഡ്യൂളിന്റെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.(Delhi blast, Terrorist group of 10 people behind it)
ഈ ഭീകര മൊഡ്യൂളിന്റെ തലവൻമാർ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരൻ ഹൻജുല്ല (ഉമർ-ബിൻ-ഖത്താബ്), ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിന്നുള്ള ഇസ്ലാമിക പുരോഹിതൻ മൗലവി ഇർഫാൻ അഹമ്മദ് വാഗെ എന്നിവരാണ്. ഹരിയാണ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള തീവ്രവാദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് വാഗെ. ജെയ്‌ഷെ മുഹമ്മദിനും ആക്രമണം നടത്തിയവർക്കും ഇടയിലെ ഏകോപനവും വാഗെയാണ് നടത്തിയത്. അറസ്റ്റിലായ ഡോക്ടർമാർക്ക് ആയുധങ്ങൾ എത്തിച്ചു നൽകിയിരുന്നതും ഇയാളാണെന്നാണ് വിവരം.
2023-ൽ ശ്രീനഗറിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വെച്ചാണ് വാഗെ ഈ സെല്ലിലെ ആദ്യ അംഗമായ ഡോ. മുജാമിൽ ഷക്കീലിനെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത്. പിന്നീട് ഡോ. ആദിൽ അഹമ്മദ് റാത്തർ, ഡോ. ഉമർ മുഹമ്മദ്, ഡോ. ഷഹീൻ ഷാഹിദ് എന്നിവരെ റിക്രൂട്ട് ചെയ്ത് വാഗെയെ തൻ്റെ ശൃംഖല വികസിപ്പിക്കാൻ മുജാമിൽ ഷക്കീൽ സഹായിച്ചു.
ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗത്തിലെ മുതിർന്ന നേതാവാണെന്ന് കരുതുന്ന ഡോ. ഷഹീൻ ഷാഹിദാണ് ആക്രമണത്തിൽ ഉൾപ്പെട്ടവർക്കായി 20 ലക്ഷം രൂപ ധനസഹായം സമാഹരിച്ചത്. ഷഹീൻ ഷാഹിദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത മാരുതി സുസുക്കി സ്വിഫ്റ്റ് കാറിൽ നിന്ന് പോലീസ് ഒരു റൈഫിളും പിടിച്ചെടുത്തിരുന്നു.
ഡോ. ഷഹീൻ ഷാഹിദ്, ലഖ്‌നൗ സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറായ സഹോദരൻ ഡോ. പർവേസ് അൻസാരിയെയും യു.പി.യിലെ മറ്റൊരു കോളേജിൽ ജോലി ചെയ്തിരുന്ന ഡോ. ഫാറൂഖ് അഹമ്മദ് ദാറിനെയും സംഘത്തിൽ ചേർത്തു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് സ്ഫോടകവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കൾ ശേഖരിക്കാൻ സഹായിച്ചത് അൻസാരിയും ഫാറൂഖ് അഹമ്മദ് ദാറുമാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.
ആമിർ റാഷിദ് അലി, ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച ഐ-20 കാർ വാങ്ങിയ ജമ്മു കശ്മീരിലെ സംബൂറ സ്വദേശിയാണ്. ജാസിർ ബിലാൽ വാണി ചാവേർ ബോംബറായ ഡോ. ഉമർ മുഹമ്മദിനെ സഹായിച്ച അനന്ത്‌നാഗ് സ്വദേശിയാണ്. അന്വേഷണ സംഘം അൽ ഫലാഹ് സർവകലാശാലയിൽനിന്ന് പിടിച്ചെടുത്ത ബ്രെസ്സ കാറും ഷഹീൻ ഷാഹിദിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.