ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചതായി അന്വേഷണ സംഘത്തിന് സംശയം. പിടിയിലായ പ്രതികളിലൊരാളായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നതിൻ്റെ ചില സൂചനകളാണ് ഏജൻസികൾക്ക് ലഭിച്ചത്.(Delhi blast, Suspects suspected of receiving training in Afghanistan)
പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐ.എസ്. ശാഖയായ അൻസാർ ഗസ്വാത് അൽ ഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. തുർക്കിയിലെ അങ്കാറയിൽ നിന്നുള്ള 'ഉകാസ' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഡോക്ടർമാരുടെയും ജെയ്‌ഷിൻ്റെയും അൻസാറിൻ്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചത്. വിദേശത്തുനിന്ന് ഭീകരർ ബോംബ് നിർമ്മാണത്തിന്റെ വീഡിയോകൾ ഡോക്ടർമാർക്ക് അയച്ചു കൊടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് ബോംബ് നിർമ്മിച്ചത്.
സ്ഫോടനം വിദേശത്തു നിന്ന് നിയന്ത്രിച്ച മൂന്ന് ഭീകരരുടെ പേരുകൾ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ ഉകാസ എന്നയാളാണ് മുസമ്മീലിനെ തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. 2008-ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം ഒളിവിൽ പോയ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗിൻ്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇയാൾ അൽഫലാഹ് എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ. 2022-ലെ കോയമ്പത്തൂർ സ്ഫോടനം, മാംഗളൂരുവിലെ ഓട്ടോറിക്ഷ സ്ഫോടനം എന്നിവയ്ക്കും അടുത്തിടെ നടന്ന ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനത്തിനും പിന്നിൽ ഒരേ ഭീകര സംഘമാണെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രധാന സംശയം.
ബെംഗളൂരു സ്വദേശിയായ എഞ്ചിനീയർ ഫൈസൽ എന്ന സാക്കിർ ഉസ്താദിന് ഈ ആക്രമണങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ചെങ്കോട്ട സ്ഫോടനവും ദക്ഷിണേന്ത്യയിലെ സ്ഫോടനങ്ങളും തമ്മിൽ സമാനതകൾ ധാരാളമുണ്ടെന്നതാണ് അന്വേഷണ സംഘം സംശയിക്കാൻ കാരണം.
ഈ സ്ഫോടനങ്ങളെല്ലാം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ ഉപയോഗിച്ചാണ് നടത്തിയത്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളിൽ നിന്ന് അമോണിയം നൈട്രേറ്റ് വേർതിരിച്ചെടുത്താണ് ആക്രമണങ്ങൾക്കായി ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) നിർമ്മിച്ചത്.
രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു സ്വദേശിയായ എഞ്ചിനീയർ ഫൈസൽ എന്ന സാക്കിർ ഉസ്താദിന്റെ ഭീകരവാദ ബന്ധം ആദ്യമായി കണ്ടെത്തിയത്. ഈ ആക്രമണത്തിൽ ഫൈസലിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
ഇതേ വ്യക്തിക്ക് ചെങ്കോട്ട സ്ഫോടനത്തിലും പങ്കുണ്ടെന്നതിന്റെ ചില നിർണായക സൂചനകളാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കേസ് അന്വേഷണം പുരോഗമിക്കവേ, ഇയാൾ പാകിസ്താനിലേക്ക് കടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ചെങ്കോട്ട സ്ഫോടവുമായി ബന്ധപ്പെട്ട് ഉമർ നബിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരസംഘത്തിലെ മറ്റ് അംഗങ്ങളെ തേടി കാൺപൂരിലും പരിശോധന പുരോഗമിക്കുകയാണ്. അതേസമയം, ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ഹാപ്പൂരിലെ ഡോക്ടറെ പിന്നീട് വിട്ടയച്ചു.
ചെങ്കോട്ട സ്ഫോടന കേസിൽ എൻ.ഐ.എ. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത നാല് പേരെ കോടതി പത്ത് ദിവസത്തെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടു. ഡോ. മുസമ്മിൽ ഷഹീൻ, ഡോ. അദീൽ അഹമ്മദ്, വനിതാ ഡോക്ടർ ഷഹീൻ സയ്ദ്, മുഫ്തി ഇർഫാൻ അഹമ്മദ് എന്നിവരെയാണ് പത്ത് ദിവസം ചോദ്യം ചെയ്യാൻ എൻ.ഐ.എ.ക്ക് കസ്റ്റഡി അനുവദിച്ചത്. എൻ.ഐ.എ. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ അമീർ റാഷിദ് അലി, സീർ ബിലാ വാനി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ എൻ.ഐ.എ.യുടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.