ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചും ആക്രമണത്തെ അപലപിച്ചും ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധം. ആക്രമണത്തിൽ ഉൾപ്പെട്ട കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിദ്യാസമ്പന്നരായവർ ആക്രമണത്തിൽ പങ്കെടുത്തത് കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.(Delhi blast, Protest near Red Fort)
പ്രദേശവാസികൾ ഉൾപ്പെടെയുള്ള ആളുകൾ ഒത്തുകൂടിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചത്. ആക്രമണത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിച്ചതിൽ രഹസ്യാന്വേഷണ ഏജൻസികളുടെയും മറ്റും നടപടികളെ പ്രതിഷേധക്കാർ അഭിനന്ദിച്ചു. ഇത്തരം ആക്രമണങ്ങൾ തടയുന്നതിനായി ജനങ്ങൾക്കിടയിൽ കൂടുതൽ ജാഗ്രതയുണ്ടാകണമെന്ന ആഹ്വാനവും പ്രതിഷേധത്തെ തുടർന്ന് ഉയർന്നു.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. അറസ്റ്റിലായ ആറ് പ്രതികളെയും നിലവിൽ ഫരീദാബാദിലെ അൽഫലാ സർവകലാശാലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ അറസ്റ്റിലായ ഡോ. ഷെഹീന്റെ മുറിയിൽ നിന്ന് ഏകദേശം 18 ലക്ഷത്തോളം രൂപ കണ്ടെത്തിയിരുന്നു.