ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.)ക്ക് കൈമാറി. അന്വേഷണം പൂർണമായി എൻ.ഐ.എയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കേസ് ഏറ്റെടുത്തതായി എൻ.ഐ.എ. അറിയിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെ.എം.) ആണെന്ന് സൂചന. ഡൽഹിയിലെ പ്രധാന സ്ഥലത്ത് സ്ഫോടനം നടത്തണമെന്ന നിർദേശം ജെയ്‌ഷെ മുഹമ്മദിൽ നിന്ന് ഈ ഭീകരസംഘത്തിന് ലഭിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന.(Delhi blast, NIA probe focuses on female doctor, Jaish-e-Mohammed leader)
സ്ഫോടനവുമായി ബന്ധപ്പെട്ട് പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ ഏജൻസികൾ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. 'ഓപ്പറേഷൻ സിന്ദൂരി'ന് ശേഷം രാജ്യമെമ്പാടും നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് 'വൈറ്റ് കോളർ സംഘത്തെ' ചാവേറുകളാക്കി മാറ്റിക്കൊണ്ട് ചെങ്കോട്ടയിൽ സ്ഫോടനം നടത്താനുള്ള നീക്കം ജെയ്‌ഷെ മുഹമ്മദിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 പേരിൽ എട്ട് പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. സ്ഫോടനത്തിൽ മരിച്ച ജുമാൻ എന്നയാളുടെ മൃതദേഹം വിട്ടുനൽകുന്നില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞിട്ടും അധികൃതർ വിട്ടു നൽകുന്നില്ലെന്നാണ് ഇവരുടെ പരാതി. ചാവേറായ ഡോ. ഉമർ മുഹമ്മദിൻ്റേത് ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ ഡി.എൻ.എ. പരിശോധനയ്ക്ക് ശേഷം മാത്രമേ കൈമാറുകയുള്ളൂ.
ചാവേർ ആക്രമണ സാധ്യത മുൻനിർത്തിയാണ് അന്വേഷണ ഏജൻസികൾ മുന്നോട്ട് പോകുന്നത്. കൂട്ടാളികൾ അറസ്റ്റിലായതോടെ പരിഭ്രാന്തിയിലായ ഡോക്ടർ ഉമർ മുഹമ്മദ് വേഗത്തിൽ ആസൂത്രണം ചെയ്തതാണ് ചാവേറാക്രമണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. ഡോക്ടർ ഷഹീൻ, ഡോക്ടർ മുസമ്മിൽ, സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന ഡോക്ടർ ഉമർ മുഹമ്മദ് എന്നിവർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പോലീസിൻ്റെ പരിശോധന തുടരുകയാണ്.
'വൈറ്റ് കോളർ ഭീകര സംഘത്തിൻ്റെ' പ്രധാന ആസൂത്രകൻ ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ മുൻ ഫാർമസിസ്റ്റ് മൗലവി ഇർഫാൻ ആണെന്ന് ഏജൻസികൾക്ക് വിവരം ലഭിച്ചു. ലഖ്‌നൗവിൽ യു.പി. പോലീസുമായി ചേർന്ന് ജമ്മു കശ്മീർ പോലീസും വ്യാപക പരിശോധന നടത്തുന്നുണ്ട്. ഉമറിൻ്റെ മാതാവും സഹോദരങ്ങളും ഉൾപ്പെടെയുള്ളവരെ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
സംഭവത്തിൽ സമഗ്ര അന്വേഷണത്തിനായി അഞ്ഞൂറോളം പേരടങ്ങുന്ന സംഘത്തെ ഡൽഹി പോലീസ് രൂപീകരിച്ചിരുന്നു. ഡൽഹിയിൽ പൊട്ടിത്തെറിച്ച ഐ-ട്വൻ്റി കാർ പെട്രോൾ പമ്പിലെത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്തുവന്നു. ഉമറിനൊപ്പം കാറിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
ഇക്കാര്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സഹോദരൻ്റെ ഭാര്യ പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു. 'ഉമർ ശാന്ത സ്വഭാവക്കാരനാണ്, കഷ്ടപ്പെട്ടാണ് ഡോക്ടറായത്, ഇത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല' എന്നും അവർ പറഞ്ഞിരുന്നു.
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമാകുന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന് വാഹനം കൈമാറിയ ദിവസം, മൂന്ന് പേർ ചേർന്ന് കാറിൻ്റെ പുക പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഒക്ടോബർ 29-ന് വൈകുന്നേരം 4:20-നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇതേ ദിവസമാണ് ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26CE7674) വെളുത്ത ഹ്യുണ്ടായ് i20 കാർ ഡോ. ഉമർ മുഹമ്മദിന് വിൽക്കുന്നത്. പി.യു.സി. ബൂത്തിന് അടുത്ത് കാർ നിർത്തിയിട്ടിരിക്കുന്നതും, ഒരാൾ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഏതാനും മിനിറ്റുകൾക്ക് ശേഷം മറ്റ് രണ്ട് പേർ കൂടി സ്ഥലത്തെത്തുന്നു. താടി വച്ചിട്ടുള്ള ഈ രണ്ട് പേരിൽ ഒരാൾ താരിഖ് മാലിക്കാണ് എന്നും ഇയാൾക്ക് കാർ കൈമാറ്റം നടന്നതിനെക്കുറിച്ച് അറിയാമായിരുന്നെന്നും സംശയിക്കുന്നുണ്ട്. തുടർന്ന് ഈ മൂന്ന് പേരും കാറിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിൽ.
കാറിൻ്റെ യഥാർത്ഥ ഉടമ, അറസ്റ്റിലായ മുഹമ്മദ് സൽമാൻ ഉൾപ്പെടെ ഏഴ് പേർക്ക് കൈമാറ്റം ചെയ്യപ്പെട്ട ശേഷമാണ് വാഹനം ഉമർ മുഹമ്മദിൽ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലനുസരിച്ച്, റെഡ് ഫോർട്ട് പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട സമയത്ത് ചാവേർ ഒരൊറ്റ നിമിഷം പോലും കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇയാൾ ആർക്കുവേണ്ടിയോ നിർദ്ദേശങ്ങൾക്കുവേണ്ടിയോ കാത്തിരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.
ഉച്ചയ്ക്ക് 3:19-നാണ് കാർ പാർക്ക് ചെയ്തത്. വൈകുന്നേരം 6:30-നാണ് ഇവിടെ നിന്ന് പുറത്തേക്ക് പോയത്. വൈകുന്നേരം 6:52-നാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന അതേ ദിവസം, തലസ്ഥാനത്തുനിന്ന് 50 കിലോമീറ്റർ അകലെ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോ സ്ഫോടകവസ്തുക്കൾ പോലീസ് പിടിച്ചെടുത്തിരുന്നു. മൊഡ്യൂളിലെ പ്രധാനികളായ ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാഥർ എന്നിവരെ അറസ്റ്റ് ചെയ്തതിൽ ഭയന്നാണ് ഡോ. ഉമർ മുഹമ്മദ് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയതെന്നാണ് സൂചന. ഇയാൾ മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയും അമോണിയം നൈട്രേറ്റ് അടങ്ങിയ സ്ഫോടകവസ്തു കാറിൽ സ്ഥാപിച്ച് ഡിറ്റണേറ്റർ ഉപയോഗിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു.
12 പേർ കൊല്ലപ്പെട്ട ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിൻ്റെ സുഹൃത്ത് അടക്കം രണ്ട് പ്രധാന വ്യക്തികളെ കസ്റ്റഡിയിലെടുത്തു. സ്ഫോടനം നടന്ന കാർ ഡൽഹി നഗരത്തിലൂടെ മണിക്കൂറുകളോളം കറങ്ങിയതിൻ്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചു.
ചാവേർ എന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിൻ്റെ സുഹൃത്തായ പുൽവാമ സ്വദേശി ഡോക്ടർ സജാദിനെ ചോദ്യം ചെയ്യാനായി ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടർ ഷഹീനെ ലക്‌നൗവിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദിൻ്റെ വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീൻ ആണെന്നാണ് ഡൽഹി പോലീസ് സംശയിക്കുന്നത്.
ഉമറും പിടിയിലായ ഡോക്ടർ മുസമ്മിലും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പോലീസ് പരിശോധന നടത്തി. ഡോക്ടർമാർ, വിദ്യാർത്ഥികൾ, ജീവനക്കാർ അടക്കം എട്ട് പേരെ ഇവിടെ ചോദ്യം ചെയ്യുന്നുണ്ട്. പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഡൽഹിയിൽ സഞ്ചരിച്ചതിൻ്റെ വിശദമായ വിവരങ്ങൾ പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ 8 മണിയോടെയാണ് കാർ ഫരീദാബാദ് ഭാഗത്തുനിന്ന് ബദർപൂർ ടോൾ ബൂത്തിലൂടെ ഡൽഹിയിലേക്ക് പ്രവേശിച്ചത്. രാവിലെ 8.30 ഓടെ കാർ ഓഖ്ല പെട്രോൾ പമ്പിലെത്തി കുറച്ചുനേരം നിന്നു. പിന്നീട് വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപമുള്ള സെൻട്രൽ ഓൾഡ് ഡൽഹി മേഖലകളിലൂടെ കറങ്ങി. മൂന്നരയോടെയാണ് കാർ റെഡ് ഫോർട്ട് (ചെങ്കോട്ട) പാർക്കിംഗ് ഏരിയയിൽ എത്തിയത്. ആറരയോടെ പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തേക്ക് കടക്കുകയും ഇതിന് പിന്നാലെ സ്ഫോടനം നടക്കുകയുമായിരുന്നു.
കാറിൻ്റെ സഞ്ചാരപഥം കണ്ടെത്തിയതിലൂടെ, തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് പോലുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് സൂചന. ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമാണെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകരസംഘം പിടിയിലായതിലുള്ള പ്രതികാരമായി ഡോക്ടർ ഉമർ മുഹമ്മദ് ഇത് ആസൂത്രണം ചെയ്തെന്നാണ് നിഗമനം.
ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീം കോടതിയും അനുശോചനം അറിയിച്ചു. സ്ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം പുരോഗമിക്കുകയാണ്. ഡൽഹി പോലീസ് 500-ഓളം അംഗങ്ങളുള്ള വൻ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഫരീദാബാദിൽ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെ.എം.) വനിതാ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലഖ്‌നൗവിലെ ലാൽ ബാഗ് നിവാസിയായ ഡോ. ഷഹീൻ ഷാഹിദിന് ജെയ്‌ഷെ ഇ.എമ്മിൻ്റെ വനിതാ വിഭാഗമായ 'ജമാഅത്ത് ഉൾ മൊമിനാത്തിൻ്റെ' ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതല കൈമാറിയെന്നാണ് റിപ്പോർട്ട്. ജെയ്‌ഷെ ഇ.എം. സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹറാണ് ഈ വനിതാ വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
സാദിയ അസ്ഹറിൻ്റെ ഭർത്താവ് യൂസഫ് അസ്ഹർ കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ മുഖ്യ സൂത്രധാരനായിരുന്നു. ഫരീദാബാദിൽ ജെയ്‌ഷെ മുഹമ്മദിൻ്റെ ഭീകരവാദ മൊഡ്യൂൾ തകർത്തതിന് പിന്നാലെയാണ് ഷഹീൻ ഷാഹിദിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറിൽ നിന്ന് ഒരു അസോൾട്ട് റൈഫിളും കണ്ടെത്തിയിരുന്നു.
ഷഹീൻ അൽ-ഫലാഹ് സർവകലാശാലയുടെ ഭാഗമാണെന്നും ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിലുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ, ഡൽഹിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ധൗജിലെ അൽ-ഫലാഹ് സർവകലാശാലയിൽ ഡോക്ടറായിരുന്നു. ജെയ്‌ഷെ-ഇ-മുഹമ്മദിനെ പിന്തുണച്ച് ശ്രീനഗറിൽ പോസ്റ്ററുകൾ പതിച്ച കേസിൽ ജമ്മു കശ്മീർ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അസോൾട്ട് റൈഫിൾ, പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിച്ച കാർ ഷഹീൻ ഷാഹിദിൻ്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഫരീദാബാദിൻ്റെ കോഡ് HR 51 ഉള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാർ, മുസമ്മിലിൻ്റെ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് പരിശോധിച്ചത്. ഈ പരിശോധനയിൽ അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന വലിയൊരു സ്ഫോടകവസ്തു, 20 ടൈമറുകൾ, മറ്റ് സംശയാസ്പദമായ വസ്തുക്കൾ എന്നിവ കണ്ടെത്താൻ പോലീസിന് സഹായകമായി.
ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൻ്റെ അന്വേഷണത്തിനിടെ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. സെക്ടർ-56ലെ ഒരു വാടക വീട്ടിൽ നിന്നാണ് 50 കിലോഗ്രാമോളം വരുന്ന സ്ഫോടക ശേഖരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അൽ-ഫലാഹ് സർവകലാശാലയിൽ നിന്നുള്ള ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയിലെ ഫാക്കൽറ്റി, വിദ്യാർത്ഥികൾ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരുൾപ്പെടെ 52-ൽ അധികം പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, നേരത്തെ പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്തിരുന്നത് ഈ അൽ-ഫലാഹ് സർവകലാശാലയിലായിരുന്നു. സ്ഫോടനം ചാവേർ ആക്രമണമാണെന്ന നിഗമനത്തിൽ അന്വേഷണം പൂർണമായും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.)ക്ക് കൈമാറിയിരിക്കുകയാണ്. സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് എന്നാണ് നിലവിലെ സൂചന.
ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടന്നിരുന്നു. ഇതിനിടെയാണ് ഫരീദാബാദിൽ നിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ചാവേറെന്ന് കരുതുന്ന ഡോക്ടർ ഉമർ മുഹമ്മദിൻ്റെ കുടുംബാംഗങ്ങളെ അന്വേഷണ ഏജൻസികൾ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്.