ഡൽഹി സ്ഫോടനം: ജമ്മു കശ്മീരും ഡൽഹിയുമടക്കം 6 സംസ്ഥാനങ്ങളിൽ പരിശോധനയുമായി NIA, ഭീകരൻ ഉമർ ബോംബ് നിർമ്മാണത്തിൽ അതിവിദഗ്ധൻ | Delhi blast

ടി.എ.ടി.പി എന്ന സ്ഫോടകവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് വിവരം
Delhi blast, NIA conducts searches in 6 states including Jammu and Kashmir and Delhi
Published on

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ആറ് സംസ്ഥാനങ്ങളിൽ നിർണായക പരിശോധന നടത്തുന്നു. ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീർ, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.(Delhi blast, NIA conducts searches in 6 states including Jammu and Kashmir and Delhi)

ഹരിയാണയിലെ നൂഹിൽനിന്ന് കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽനിന്ന് സംശയാസ്പദമായ നിരവധി ഫോൺ നമ്പറുകൾ കണ്ടെത്തി. ഇവ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്. സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ് ഉൾപ്പെടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്ഫോടനക്കേസിൽ കസ്റ്റഡിയിലുള്ള ഭീകരരെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഉമർ മുഹമ്മദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഉമർ മുഹമ്മദ് ബോംബ് വിദഗ്ധനാണെന്ന നിർണായക വിവരം അറസ്റ്റിലായ ഭീകരർ മൊഴി നൽകിയിട്ടുണ്ട്.

ക്യാമ്പസിനുള്ളിൽ താമസിക്കുന്ന വീടിന് സമീപം സ്ഫോടകവസ്തുക്കൾ പരീക്ഷിക്കുന്നതിനായി ഉമർ ഒരു ലാബ് തയ്യാറാക്കിയിരുന്നു. നൂഹിലും ഉമർ വാടക വീടെടുത്ത് 10 ദിവസം താമസിച്ചു. ഈ വീട് സംഘടിപ്പിച്ചു നൽകിയത് ക്യാമ്പസിലെ ഇലക്ട്രീഷ്യനാണെന്നും മൊഴി ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇലക്ട്രീഷ്യനെയും വീടിൻ്റെ ഉടമസ്ഥനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ഫോടന സ്ഥലത്തുനിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊട്ടിത്തെറിച്ച കാറിൽ 30 കിലോയോളം സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതായാണ് വിവരം. അതിമാരകശേഷിയുള്ള ടി.എ.ടി.പി എന്ന സ്ഫോടകവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com