ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എംബിബിഎസ് വിദ്യാർഥിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ വിദ്യാർഥിയായ ജാനിസുർ ആലം എന്ന നിസാർ ആലമാണ് പിടിയിലായത്.(Delhi blast, MBBS student of Al Falah University arrested in Bengal)
നിസാർ ആലം ലുധിയാനയിലാണ് താമസിക്കുന്നത്. എന്നാൽ, ബംഗാളിലെ പൂർവിക ഗ്രാമത്തിൽ കുടുംബത്തോടൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഉത്തര ദിനാജ്പുർ ജില്ലയിൽ നിന്ന് ഇയാൾ എൻഐഎയുടെ പിടിയിലായത്. ഡൽഹി സ്ഫോടനത്തിൽ നിസാറിന് നേരിട്ട് പങ്കുണ്ടെന്നാണ് അധികൃതർ സംശയിക്കുന്നത്.
ചോദ്യം ചെയ്യലിനിടെ നിസാർ ആലം സഹകരിക്കാൻ വിസമ്മതിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എൻഐഎ പിടിച്ചെടുത്തു.
അതിനിടെ, അൽ ഫലാഹ് സർവകലാശാലയിലെ മറ്റു രണ്ട് ഡോക്ടർമാരെ കൂടി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കോട്ട സ്ഫോടനത്തിനുപയോഗിച്ച കാർ ഓടിച്ച ഡോ. ഉമർ നബിയുടെ സുഹൃത്തുക്കളായ മുഹമ്മദ്, മുസ്തഖീം എന്നീ ഡോക്ടർമാരാണ് ഹരിയാണയിലെ നൂഹിൽ പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുവന്നു.
ഈ കേസുമായി ബന്ധപ്പെട്ട് നിലവിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ഇതോടെ 12 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) നിർണായക വിവരങ്ങൾ ലഭിച്ചു. ഹരിയാണയിലെ നൂഹിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ മൊബൈൽ ഫോണിൽ നിന്ന് സംശയാസ്പദമായ നിരവധി ഫോൺ നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണം എൻഐഎ ഊർജിതമാക്കി.
സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീൻ എന്നിവരെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തു. സ്ഫോടനം നടത്തിയ പ്രതികളിലൊരാളായ ഉമർ ഉൾപ്പെടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ എൻഐഎ പരിശോധന തുടരുകയാണ്.
അതേസമയം, ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത അൽ ഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥിയെ വിട്ടയച്ചു.
സ്‌ഫോടനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ചെങ്കോട്ട ഇന്ന് സന്ദർശകർക്കായി തുറന്നു കൊടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) അറിയിച്ചു. ഇന്നലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിരുന്നു.
ജമ്മു കശ്മീരിലെ നൗഗാം സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.