ന്യൂഡൽഹി: കഴിഞ്ഞ ദിവസം ചെങ്കോട്ടയ്ക്ക് സമീപം ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ഉഗ്രസ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ-മുഹമ്മദ് ആണെന്ന് പ്രാഥമിക സൂചനകൾ. സ്ഫോടനത്തിന്റെ സ്വഭാവം മുൻകാല ആക്രമണങ്ങളുമായി, പ്രത്യേകിച്ച് 2019-ലെ പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.(Delhi blast, Is Pakistan-based terror group Jaish-e-Mohammed behind it?)
ഏകദേശം മൂന്ന് മാസത്തെ ഇടവേളകളിൽ ജെയ്ഷെ-മുഹമ്മദ് നടത്തുന്ന ആക്രമണങ്ങളുടെ അതേ രീതിയിലുള്ള നീക്കമാണ് ഡൽഹിയിൽ നടന്നിട്ടുള്ളതെന്നാണ് വിലയിരുത്തൽ. ഈ വർഷം ഏപ്രിലിൽ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഭീകരസംഘടനയുടെ പ്രവർത്തനം പുനരാരംഭിച്ചതിൻ്റെ സൂചനകളാണ് ചെങ്കോട്ട സ്ഫോടനം നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ രണ്ടു കാശ്മീരി ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിന് പിന്നാലെയാണ് സ്ഫോടനം നടന്നത്.
2025 ജൂലൈയിൽ ഭീകരരെ തുരത്തുന്നതിനായി സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ ജെയ്ഷെ ഭീകരരെ കണ്ടെത്തി വധിക്കുന്നതിനിടെയാണ് അവർ മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെങ്കിലും, ജെയ്ഷെ-മുഹമ്മദിന്റെ പ്രവർത്തന രീതിയുമായുള്ള ബന്ധം ഗൗരവമായി കണക്കിലെടുക്കുന്നുണ്ട്. ഏതെങ്കിലും നിഗമനത്തിലെത്തുന്നതിനു മുൻപ് പഴയ കേസ് ഫയലുകൾ വീണ്ടും പരിശോധിക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
സ്ഫോടനം നടന്ന സ്ഥലത്ത് വലിയ ഗർത്തങ്ങളൊന്നും രൂപപ്പെട്ടിട്ടില്ല. ഇത് ഒരു 'നിയന്ത്രിത' (Controlled) സ്ഫോടനമായിരുന്നുവെന്നാണ് സൂചന. ഇരകളുടെ ശരീരത്തിൽ നിന്ന് ആണികളോ, വയറുകളോ, ലോഹക്കഷണങ്ങളോ കണ്ടെത്താനായില്ല. സാധാരണയായി ഉപയോഗിക്കുന്ന ചീളുകൾ നിറഞ്ഞ ഐഇഡി (IED) സ്ഫോടനമല്ല ഇതെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം കാർ രജിസ്റ്റർ ചെയ്തിട്ടുള്ള ഗുഡ്ഗാവ് സ്വദേശിയെ പോലീസ് കണ്ടെത്തി. എന്നാൽ, വാഹനം മറ്റൊരാൾക്ക് വിറ്റതായി ഉടമ മൊഴി നൽകി. സംഭവത്തിൽ ഉൾപ്പെട്ട വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയെ കണ്ടെത്താൻ പോലീസ് ആർടിഒയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ നിഗമനങ്ങൾക്ക് പകരം ഫോറൻസിക് തെളിവുകൾക്കാണ് അന്വേഷണത്തിൽ ഊന്നൽ നൽകുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജെയ്ഷെ-മുഹമ്മദ് ബന്ധത്തിനപ്പുറമുള്ള എല്ലാ സാധ്യതകളും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.