ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ. 2022-ലെ കോയമ്പത്തൂർ സ്ഫോടനം, മാംഗളൂരുവിലെ ഓട്ടോറിക്ഷ സ്ഫോടനം എന്നിവയ്ക്കും അടുത്തിടെ നടന്ന ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനത്തിനും പിന്നിൽ ഒരേ ഭീകര സംഘമാണെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രധാന സംശയം.(Delhi blast, Investigation extends to South India)
ബെംഗളൂരു സ്വദേശിയായ എഞ്ചിനീയർ ഫൈസൽ എന്ന സാക്കിർ ഉസ്താദിന് ഈ ആക്രമണങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ചെങ്കോട്ട സ്ഫോടനവും ദക്ഷിണേന്ത്യയിലെ സ്ഫോടനങ്ങളും തമ്മിൽ സമാനതകൾ ധാരാളമുണ്ടെന്നതാണ് അന്വേഷണ സംഘം സംശയിക്കാൻ കാരണം.
ഈ സ്ഫോടനങ്ങളെല്ലാം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ ഉപയോഗിച്ചാണ് നടത്തിയത്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളിൽ നിന്ന് അമോണിയം നൈട്രേറ്റ് വേർതിരിച്ചെടുത്താണ് ആക്രമണങ്ങൾക്കായി ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) നിർമ്മിച്ചത്.
രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു സ്വദേശിയായ എഞ്ചിനീയർ ഫൈസൽ എന്ന സാക്കിർ ഉസ്താദിന്റെ ഭീകരവാദ ബന്ധം ആദ്യമായി കണ്ടെത്തിയത്. ഈ ആക്രമണത്തിൽ ഫൈസലിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
ഇതേ വ്യക്തിക്ക് ചെങ്കോട്ട സ്ഫോടനത്തിലും പങ്കുണ്ടെന്നതിന്റെ ചില നിർണായക സൂചനകളാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കേസ് അന്വേഷണം പുരോഗമിക്കവേ, ഇയാൾ പാകിസ്താനിലേക്ക് കടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.