ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീന് ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് സൂചന. ഇവരുമായി ബന്ധപ്പെട്ട നിർണായകമായ ഡയറിക്കുറിപ്പുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ.) ലഭിച്ചു. കേസിന്‍റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ നിലവിൽ അഫ്ഗാനിസ്ഥാനിലാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.(Delhi blast, Information suggests that Dr. Shaheen has Lashkar links )
കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ. കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുകയാണ്. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന തുടരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോക്ടർ ഉമർ ഉപയോഗിച്ച ഫോണുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ എൻ.ഐ.എ. ശക്തമാക്കിയിട്ടുണ്ട്.
തുർക്കിയിൽ നിന്ന് 'അബു ഉകാസ' എന്നയാളാണ് ഡോക്ടർമാരുടെ ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് എന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിലെ പ്രധാന പ്രതി ഉമർ നബിയുടെ സഹായിയായ അമീർ റാഷിദിനെ എൻ.ഐ.എ. ഇന്നലെ പിടികൂടിയിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത വനിതാ ഡോക്ടർ അടക്കം മൂന്നുപേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
അറസ്റ്റിലായ ഭീകരൻ ആദിലിന്റെ സഹോദരനായ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ എൻ.ഐ.എ. ഊർജ്ജിതമാക്കിയിട്ടുണ്ട്. മുസാഫറാണ് സ്ഫോടനത്തിന്‍റെ സൂത്രധാരനെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾ ഉൾപ്പെടുന്ന ഒരു 'വൈറ്റ് കോളർ ഭീകര സംഘം' കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് എൻ.ഐ.എ.