ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ ഭീകരാക്രമണ പരമ്പരകൾ ആസൂത്രണം ചെയ്തത് ഹരിയാണയിലെ അൽ-ഫലാഹ് സർവകലാശാലാ കാമ്പസിലെ ഒരു സാധാരണ ഹോസ്റ്റൽ മുറിയിൽ വെച്ചെന്ന് അന്വേഷണ സംഘം. തീവ്രവാദികളായി മാറിയ ഡോക്ടർമാരുടെ ഈ 'വൈറ്റ് കോളർ' ഭീകരസംഘം ഡൽഹിയിലും ഉത്തർപ്രദേശിലും സ്ഫോടനങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരുന്നത്.(Delhi blast, Hostel room was a secret hideout for 'white collar' terrorists)
ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സ്ഫോടന പരമ്പരകൾ നടത്താൻ ഭീകരവാദികൾ വൻ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരവാദികൾ 32 കാറുകൾ സ്ഫോടകവസ്തുക്കൾ നിറച്ച് തയ്യാറാക്കിയിരുന്നതായി അന്വേഷണ ഏജൻസികൾ അറിയിച്ചു.
കാറുകളിൽ ഒന്നു മാത്രമാണ് ചെങ്കോട്ടയ്ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരമനുസരിച്ച്, ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷിക ദിനമായ ഡിസംബർ 6-ന് രാജ്യത്ത് ഏകോപിത ആക്രമണങ്ങൾ നടത്താനാണ് ഭീകരസംഘം പദ്ധതിയിട്ടിരുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികളായ ഡോക്ടർമാർ ഉൾപ്പെട്ട സംഘം ഹരിയാനയിലെ ഒരു സർവകലാശാലാ ഹോസ്റ്റൽ മുറി കേന്ദ്രീകരിച്ചാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.
ആൺകുട്ടികളുടെ ഹോസ്റ്റലായ 17-ാം നമ്പർ കെട്ടിടത്തിലെ 13-ാം നമ്പർ മുറിയാണ് ഭീകരസംഘത്തിൻ്റെ രഹസ്യ യോഗങ്ങൾക്കും ആസൂത്രണങ്ങൾക്കുമായി ഉപയോഗിച്ചിരുന്നത്. അറസ്റ്റിലായ പലരും ഈ മുറിയുമായി ബന്ധമുള്ളവരാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോ. ഉമർ ജോലി ചെയ്തിരുന്ന അൽ-ഫലാഹ് സർവകലാശാലയാണ് കേസിൻ്റെ പ്രധാന കേന്ദ്രം.
പുൽവാമ സ്വദേശിയായ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിൻ്റേതായിരുന്നു ഈ മുറി. ഇവിടെവെച്ചാണ് ഇയാൾ തീവ്രചിന്താഗതിക്കാരായ മറ്റ് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുകയും ഏകോപിത സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തതെന്നാണ് ആരോപണം. സ്ഫോടനം നടക്കുന്നതിൻ്റെ ഒരു ദിവസം മുൻപ്, ഡോ. മുസമ്മിലിന്റെ വാടക വീട്ടിൽ നിന്ന് 2,900 കിലോഗ്രാം ഐ.ഇ.ഡി. നിർമ്മാണ സാമഗ്രികൾ പിടിച്ചെടുത്തിരുന്നു.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന്, ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷികത്തോടനുബന്ധിച്ച് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തിരുന്നതായി വ്യക്തമായി. ഡോ. മുസമ്മിലും, ജയ്‌ഷെ-മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായി കരുതുന്ന ഡോ. ഷഹീൻ ഷാഹിദും അറസ്റ്റിലായി. സ്ഫോടനത്തിൽ ഉമർ കൊല്ലപ്പെട്ടു. സർവകലാശാലയിൽ ജോലി ചെയ്യുന്ന നിസാറുൾ ഹസ്സൻ എന്ന മറ്റൊരു കശ്മീർ സ്വദേശിയായ ഡോക്ടറെ കാണാതായിട്ടുണ്ട്.
പോലീസ് മുറി സീൽ ചെയ്യുകയും നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും പെൻ ഡ്രൈവുകളും കണ്ടെത്തിയിട്ടുണ്ട്. 13-ാം നമ്പർ മുറിയിൽ നിന്ന് രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. അമോണിയം നൈട്രേറ്റും ചെറിയ അളവിൽ മെറ്റാലിക് ഓക്സൈഡുകളുമായി കൂട്ടിക്കലർത്തിയാണ് സ്ഫോടകവസ്തുക്കൾ നിർമ്മിച്ചിരുന്നതെന്ന് സംശയിക്കുന്നു. ചെങ്കോട്ട സ്ഫോടനത്തിൽ എ.എൻ.എഫ്.ഒ. (ANFO - അമോണിയം നൈട്രേറ്റ് ഫ്യൂവൽ ഓയിൽ) ആണ് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സർവകലാശാലയിലെ ലബോറട്ടറിയിൽ നിന്ന് ഹോസ്റ്റൽ മുറിയിലേക്ക് രാസവസ്തുക്കൾ എങ്ങനെ സംഭരിക്കാമെന്നും രഹസ്യമായി എത്തിക്കാമെന്നും സംഘം ചർച്ച ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭീകരസംഘം പിടിക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ അൽ-ഫലാഹ് സർവകലാശാല, സ്ഥാപനത്തിന് പങ്കുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ചു. സർവകലാശാലയുടെ ലബോറട്ടറികളിൽ അനധികൃതമായ വസ്തുക്കളോ രാസവസ്തുക്കളോ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പ്രസ്താവനയിറക്കി.
ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ അന്വേഷണം പാകിസ്ഥാനിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അറസ്റ്റിലായ ലക്‌നൗ സ്വദേശിയായ വനിതാ ഡോക്ടർ ഷഹീന്, ജെയ്‌ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഡോക്ടർ ഷഹീൻ, ആരിഫ ബീവിയുമായി സ്ഥിരമായി സമ്പർക്കത്തിലായിരുന്നു എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്.
ജെയ്‌ഷെ വനിതാ സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ജെയ്‌ഷെ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് നേരിട്ട് ബന്ധമുണ്ടെന്നാണ് നിലവിൽ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് ഏറെ നിർണായകമായ ഈ കണ്ടെത്തൽ, ചെങ്കോട്ട സ്ഫോടനത്തിൻ്റെ പിന്നിലെ അന്താരാഷ്ട്ര ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്നു.
ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഭീകരസംഘം ഉപയോഗിച്ച മൂന്നാമത്തെ കാറും അന്വേഷണ സംഘം കണ്ടെത്തി. ഭീകര സംഘത്തിലെ വനിതാ ഡോക്ടറായ ഷഹീൻ്റെ 'ബ്രീസ' കാറാണ് അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ മൂന്ന് വാഹനങ്ങൾ കൂടി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായി.
കഴിഞ്ഞ ദിവസം ചുവന്ന എക്കോ സ്പോർട്ട് കാർ ഫരീദാബാദ് പോലീസ് കണ്ടെത്തിയിരുന്നു. DL 10 CK 0458 എന്ന നമ്പറുള്ള ഈ കാർ ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു. ഉമറും മുസമിലും രണ്ട് കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തതായും പോലീസ് കണ്ടെത്തി. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ദില്ലി ന്യൂ സീലംപൂരിലെ വ്യാജ വിലാസത്തിലായിരുന്നു. ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.