ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകര പ്രവർത്തന കേസിലും വ്യാജരേഖാ കേസിലും അൽഫലാ സർവകലാശാലയുടെ ചെയർമാൻ ജാവേദ് അഹമ്മദിന് ഡൽഹി പോലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാർത്ഥികളും ഇവർക്ക് വീട് വാടകയ്ക്ക് നൽകിയവരും ഉൾപ്പെടെ 2000 പേരിൽ നിന്ന് വിവരങ്ങൾ തേടിയതായി ഫരീദാബാദ് പോലീസ് അറിയിച്ചു.(Delhi blast, Delhi Police issues notice to AlFalah University chairman)
ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്തുള്ള ഭീകര സംഘടനകളുടെ പങ്കിന് കൂടുതൽ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീന് ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ഡയറി കുറിപ്പിൽ നിന്ന് സൂചന ലഭിച്ചു. പാകിസ്ഥാനിലെ കൊടും ഭീകരൻ മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യയുമായി ഷഹീന് അടുത്ത ബന്ധമുണ്ടെന്നും, ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു.
ബാബ്റി മസ്ജിദിന് പകരം വീട്ടും എന്ന ന്യായീകരണമാണ് ഷഹീൻ ഭീകര സംഘടനകളുമായുള്ള ബന്ധത്തിന് നൽകിയിരുന്നത്. ഡിസംബർ ആറിന് സ്ഫോടന പരമ്പര നടത്താനുള്ള നീക്കവും ഇതിൻ്റെ ഭാഗമായിരുന്നു. ഭീകര സംഘത്തിന് തുർക്കിയിൽ നിന്നാണ് നിർദ്ദേശങ്ങൾ ലഭിച്ചതെന്ന് സൂചനകളുണ്ടായിരുന്നു. 'അബു ഉകാസ' എന്ന പേരിലാണ് സന്ദേശങ്ങൾ കിട്ടിയതെന്നും, ഇയാൾ ഡോക്ടർമാരുമായി സമ്പർക്കത്തിലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.
ചാവേറായ ഡോക്ടർ ഉമർ നേരത്തെ ഉപയോഗിച്ച ഫോണുകളിൽ ഇത് സംബന്ധിച്ച നിർണ്ണായക തെളിവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ഫോണിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.അതിനിടെ, അറസ്റ്റിലായ ഡോക്ടർ ആദിലിന്റെ അയൽവാസിയായ കുൽഗാം സ്വദേശിയെ പോലീസ് ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ഇയാൾ വീടിനകത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളുടെ രണ്ട് മക്കളെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നൗഗാമിലെ സ്ഫോടനത്തിൽ ഏജൻസികൾ തെളിവ് ശേഖരണം തുടരുകയാണ്. ഫോറൻസിക് വിദഗ്ധർ ഉപയോഗിച്ച ലൈറ്റിൻ്റെ ചൂടാണ് സ്ഫോടനത്തിനിടയാക്കിയതെന്ന സംശയമുണ്ട്. എന്നാൽ അട്ടിമറിയില്ലെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണ്ണർ മനോജ് സിൻഹയും വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ കരസേനയുടെ 'ചാണക്യ ഡയലോഗ്സിനിടെ' ഉയർന്ന ചോദ്യത്തിന്, ഭീകരരുടെ ഏത് നീക്കവും ചെറുക്കുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി ആവർത്തിച്ചു.