ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ 12 ആയി ഉയർന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്‌നലിൽ വേഗത കുറച്ച് സഞ്ചരിക്കുകയായിരുന്ന കാറിലാണ് ശക്തമായ സ്‌ഫോടനമുണ്ടായത്. ഇത് ചാവേർ ആക്രമണമാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു.(Delhi blast, Death toll rises to 12)
ഫരീദാബാദിൽ വൻ സ്‌ഫോടകവസ്തു ശേഖരവുമായി ഹരിയാണ-ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്ത ഭീകരസംഘവുമായി ചെങ്കോട്ട സ്ഫോടനത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. പിടിയിലായ ഡോക്ടർമാരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ മുഹമ്മദാണ് സ്ഫോടനം നടത്തിയതെന്നാണ് വിവരം. സ്ഫോടനത്തിൽ ഇയാളും കൊല്ലപ്പെട്ടതായി സംശയിക്കുന്നു.
കാർ ഓടിച്ചയാളുടേതെന്ന് സംശയിക്കുന്ന, അറ്റുപോയ നിലയിൽ കണ്ടെത്തിയ കൈ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഉമർ ആണ് സ്ഫോടനം നടത്തിയതെന്ന് ഉറപ്പിക്കുന്നതിനായി ഇയാളുടെ മാതാവിൻ്റേയും സഹോദരങ്ങളുടേയും ഡി.എൻ.എ. സാമ്പിളുകൾ ശേഖരിച്ച് താരതമ്യപ്പെടുത്തും. ഉമറിൻ്റെ മാതാവിനേയും സഹോദരങ്ങളേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ തലസ്ഥാനത്തെയും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയും സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനായി ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ പങ്കെടുത്ത പ്രമുഖർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ഡേക, ഡൽഹി പോലീസ് കമ്മിഷണർ സതീഷ് ഗോൽച്ച, എൻ.ഐ.എ. ഡി.ജി. സദാനന്ദ് വസന്ത് ദാത്തെ, ജമ്മു കശ്മീർ ഡി.ജി.പി. നളിൻ പ്രഭാത് (വെർച്വലായി) എന്നിവരാണ്.
യോഗത്തിൽ, സ്ഫോടനത്തിന് ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ വിശദമായ അവതരണം നടത്തി. ഉന്നത അന്വേഷണ ഏജൻസികൾ വിശദമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സ്ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി സ്ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
ചെങ്കോട്ട സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ കര്‍ശന നിരീക്ഷണവും സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.