ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ പൊട്ടിത്തെറിച്ച കാർ ഓടിക്കുകയും ചാവേറാകുകയും ചെയ്തത് ഭീകരസംഘത്തിലെ ഡോക്ടർ ഉമർ മുഹമ്മദ് തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ കറുത്ത സ്പോർട്സ് ഷൂവും മെറൂൺ തുണിക്കഷണവുമാണ് പ്രതിയെ തിരിച്ചറിയുന്നതിൽ നിർണ്ണായകമായതെന്ന് റിപ്പോർട്ട് ചെയ്യുന്നു.(Delhi blast, Black shoe and maroon cloth crucial to confirming suicide bomber Umar)
സംഭവദിവസം വൈകുന്നേരം 6.55-ന് സ്ഫോടനം നടന്നതിന് ശേഷം സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥൻ, തകർന്ന വെളുത്ത കാറിൻ്റെ വീലിൽ കുടുങ്ങിക്കിടന്ന കറുത്ത സ്പോർട്സ് ഷൂ ശ്രദ്ധിച്ചു. ചാവേർ മാതൃകയിലുള്ള ഭീകരാക്രമണത്തിനുള്ള സാധ്യത തെളിഞ്ഞതോടെ, സ്ഫോടകവസ്തുക്കൾ നിറച്ച വെളുത്ത കാറിൻ്റെ ഡ്രൈവറാണ് മുഖ്യപ്രതി എന്ന് പോലീസ് തിരിച്ചറിഞ്ഞു.
സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഫരീദാബാദിൽ നിന്ന് വൻതോതിൽ അമോണിയം നൈട്രേറ്റ് കണ്ടെടുത്തതും കശ്മീർ, യു.പി., ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെട്ട ഭീകരസംഘത്തെ പിടികൂടിയതും, ചെങ്കോട്ട സ്ഫോടനത്തെ ഈ വലിയ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി കാണാൻ പോലീസിനെ പ്രേരിപ്പിച്ചു. ഭീകരസംഘത്തിലെ അംഗമായിരുന്ന ഡോ. ഉമർ മുഹമ്മദ് അപ്പോഴും ഒളിവിലായിരുന്നു എന്നതും, ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നതും ചാവേർ ഉമറാണോ എന്ന സംശയമുണ്ടാക്കി.
ഡൽഹി പോലീസിൻ്റെ സിസിടിവി പരിശോധനയിൽ, ഉച്ചകഴിഞ്ഞ് 3.19-ന് ഒരു വെളുത്ത കാർ ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നതും മൂന്ന് മണിക്കൂറിന് ശേഷം സ്ഫോടനം നടക്കുന്നതും വ്യക്തമായി. ഉമർ മുഹമ്മദിന്റെ പരിചയക്കാരിൽ നിന്ന് ലഭിച്ച ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ നിർണ്ണായകമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചു.
ഉമർ ഡൽഹിയിലുടനീളം കാർ ഓടിക്കുമ്പോൾ കറുത്ത സ്പോർട്സ് ഷൂ ധരിച്ചിരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു. ഈ ഷൂ സംഭവസ്ഥലത്തെ കാറിൽ നിന്ന് കണ്ടെടുത്ത ഷൂവുമായി ഒത്തുനോക്കിയപ്പോൾ അത് ഒന്നുതന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തെ തിരച്ചിലിനിടെ ഒരു മരത്തിൽ നിന്ന് ലഭിച്ച മെറൂൺ നിറത്തിലുള്ള തുണിക്കഷ്ണം ഉമർ സ്ഥിരമായി ധരിച്ചിരുന്ന ഷർട്ടിൻ്റെ നിറവുമായി സാമ്യമുള്ളതായിരുന്നു.
ചാവേറായത് ഉമർ തന്നെയെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയമായ തെളിവുകൾ ആവശ്യമായി വന്നു. ഇതിൻ്റെ ഭാഗമായി കാറിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉമറിൻ്റെ അമ്മയുടെ ഡിഎൻഎ സാമ്പിളുകളുമായി താരതമ്യം ചെയ്തു. വ്യാഴാഴ്ച രാവിലെ പുറത്തുവന്ന ഡിഎൻഎ ഫലങ്ങൾ സാമ്യമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ, എല്ലാ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിൻബലത്തിൽ ഉമർ മുഹമ്മദ് തന്നെയാണ് ചാവേറായതെന്ന് പോലീസ് അന്തിമ നിഗമനത്തിലെത്തി.