

ന്യൂഡൽഹി: നവംബർ 10 ന് നടന്ന ഡൽഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത അമീർ റാഷിദ് അലിയെ ഇന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. 12 പേരുടെ മരണത്തിനും 32 പേർക്ക് പരിക്കേൽക്കാനും കാരണമായ ആക്രമണം നടത്താൻ ചാവേറുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. (Delhi blast)
സ്ഫോടനത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റർ ചെയ്ത അലിയെ ഡൽഹിയിൽ വെച്ച് എൻഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഫോടനം നടന്നതിന് ഒരു ദിവസത്തിനുശേഷം നടന്ന വൻ തിരച്ചിലിൽ നിന്നുമാണ് അലിയെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറ നിവാസിയാണ് അലി. അലി ചാവേർ എന്ന് ആരോപിക്കപ്പെടുന്ന ഉമർ ഉൻ നബിയുമായി ചേർന്ന് ഭീകരാക്രമണം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായതയാണ് എൻഐഎ റിപ്പോർട്ട്. ബോംബാക്രമണത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയുന്നതിനുമായി ഒന്നിലധികം വഴികൾ തേടുന്നുണ്ടെന്നും അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തു.