ന്യൂഡൽഹി: 12 പേർ കൊല്ലപ്പെട്ട ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിൻ്റെ സുഹൃത്ത് അടക്കം രണ്ട് പ്രധാന വ്യക്തികളെ കസ്റ്റഡിയിലെടുത്തു. സ്ഫോടനം നടന്ന കാർ ഡൽഹി നഗരത്തിലൂടെ മണിക്കൂറുകളോളം കറങ്ങിയതിൻ്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചു.(Delhi blast, 2 people including Umar's friend in custody)
ചാവേർ എന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിൻ്റെ സുഹൃത്തായ പുൽവാമ സ്വദേശി ഡോക്ടർ സജാദിനെ ചോദ്യം ചെയ്യാനായി ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടർ ഷഹീനെ ലക്‌നൗവിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദിൻ്റെ വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീൻ ആണെന്നാണ് ഡൽഹി പോലീസ് സംശയിക്കുന്നത്.
ഉമറും പിടിയിലായ ഡോക്ടർ മുസമ്മിലും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പോലീസ് പരിശോധന നടത്തി. ഡോക്ടർമാർ, വിദ്യാർത്ഥികൾ, ജീവനക്കാർ അടക്കം എട്ട് പേരെ ഇവിടെ ചോദ്യം ചെയ്യുന്നുണ്ട്. പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഡൽഹിയിൽ സഞ്ചരിച്ചതിൻ്റെ വിശദമായ വിവരങ്ങൾ പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ 8 മണിയോടെയാണ് കാർ ഫരീദാബാദ് ഭാഗത്തുനിന്ന് ബദർപൂർ ടോൾ ബൂത്തിലൂടെ ഡൽഹിയിലേക്ക് പ്രവേശിച്ചത്. രാവിലെ 8.30 ഓടെ കാർ ഓഖ്ല പെട്രോൾ പമ്പിലെത്തി കുറച്ചുനേരം നിന്നു. പിന്നീട് വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപമുള്ള സെൻട്രൽ ഓൾഡ് ഡൽഹി മേഖലകളിലൂടെ കറങ്ങി. മൂന്നരയോടെയാണ് കാർ റെഡ് ഫോർട്ട് (ചെങ്കോട്ട) പാർക്കിംഗ് ഏരിയയിൽ എത്തിയത്. ആറരയോടെ പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തേക്ക് കടക്കുകയും ഇതിന് പിന്നാലെ സ്ഫോടനം നടക്കുകയുമായിരുന്നു.
കാറിൻ്റെ സഞ്ചാരപഥം കണ്ടെത്തിയതിലൂടെ, തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് പോലുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് സൂചന. ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമാണെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകരസംഘം പിടിയിലായതിലുള്ള പ്രതികാരമായി ഡോക്ടർ ഉമർ മുഹമ്മദ് ഇത് ആസൂത്രണം ചെയ്തെന്നാണ് നിഗമനം.
ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീം കോടതിയും അനുശോചനം അറിയിച്ചു. സ്ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം പുരോഗമിക്കുകയാണ്. ഡൽഹി പോലീസ് 500-ഓളം അംഗങ്ങളുള്ള വൻ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഫരീദാബാദിൽ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെ.എം.) വനിതാ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലഖ്‌നൗവിലെ ലാൽ ബാഗ് നിവാസിയായ ഡോ. ഷഹീൻ ഷാഹിദിന് ജെയ്‌ഷെ ഇ.എമ്മിൻ്റെ വനിതാ വിഭാഗമായ 'ജമാഅത്ത് ഉൾ മൊമിനാത്തിൻ്റെ' ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതല കൈമാറിയെന്നാണ് റിപ്പോർട്ട്. ജെയ്‌ഷെ ഇ.എം. സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹറാണ് ഈ വനിതാ വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
സാദിയ അസ്ഹറിൻ്റെ ഭർത്താവ് യൂസഫ് അസ്ഹർ കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ മുഖ്യ സൂത്രധാരനായിരുന്നു. ഫരീദാബാദിൽ ജെയ്‌ഷെ മുഹമ്മദിൻ്റെ ഭീകരവാദ മൊഡ്യൂൾ തകർത്തതിന് പിന്നാലെയാണ് ഷഹീൻ ഷാഹിദിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറിൽ നിന്ന് ഒരു അസോൾട്ട് റൈഫിളും കണ്ടെത്തിയിരുന്നു.
ഷഹീൻ അൽ-ഫലാഹ് സർവകലാശാലയുടെ ഭാഗമാണെന്നും ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിലുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ, ഡൽഹിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ധൗജിലെ അൽ-ഫലാഹ് സർവകലാശാലയിൽ ഡോക്ടറായിരുന്നു. ജെയ്‌ഷെ-ഇ-മുഹമ്മദിനെ പിന്തുണച്ച് ശ്രീനഗറിൽ പോസ്റ്ററുകൾ പതിച്ച കേസിൽ ജമ്മു കശ്മീർ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അസോൾട്ട് റൈഫിൾ, പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിച്ച കാർ ഷഹീൻ ഷാഹിദിൻ്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഫരീദാബാദിൻ്റെ കോഡ് HR 51 ഉള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാർ, മുസമ്മിലിൻ്റെ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് പരിശോധിച്ചത്. ഈ പരിശോധനയിൽ അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന വലിയൊരു സ്ഫോടകവസ്തു, 20 ടൈമറുകൾ, മറ്റ് സംശയാസ്പദമായ വസ്തുക്കൾ എന്നിവ കണ്ടെത്താൻ പോലീസിന് സഹായകമായി.