ന്യൂഡൽഹി: വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റിൽ നടന്ന പ്രതിഷേധത്തിനിടെ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായ വിദ്യാർത്ഥികൾ പോലീസിനെതിരെ ഗുരുതര പരാതികളുമായി രംഗത്ത്. പോലീസ് ക്രൂരമായി മർദിച്ചെന്നും പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.(Delhi air pollution protest, allegation says that Police brutally beat up students)
വിദ്യാർത്ഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷക വർത്തിക മണി പറഞ്ഞത് "അറസ്റ്റിലായ വിദ്യാർത്ഥികളുടെ ശരീരത്തിൽ മർദനമേറ്റതിൻ്റെ പാടുകളുണ്ട്. പെൺകുട്ടികളോട് വളരെ മോശമായി പോലീസ് പെരുമാറി, അവരുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും പരാതിയുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ട്" എന്നാണ്.
പ്രതിഷേധത്തിനിടെ പോലീസിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 15 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വായുമലിനീകരണത്തിനെതിരായ 'ജെൻ സി' പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. ഇന്ത്യഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ മാവോയിസ്റ്റ് നേതാവിൻ്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പ്രതിഷേധത്തിന് പിന്നിൽ തീവ്രനിലപാടുള്ള സംഘടനകളുടെ സ്വാധീനമുണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണം.
അതേസമയം, ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. സർക്കാർ, സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' ഏർപ്പെടുത്തി. വായു ഗുണനിലവാര മേൽനോട്ട സമിതിയുടെ (CAQM) നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം എടുത്തത്.