

ന്യൂ ഡൽഹി: ദിനംപ്രതി വായുഗുണനിലവാരം മോശമാകുന്നതിൽ ഡൽഹി സർക്കാരിനെ വിമർശിച്ച് ജമ്മു കശ്മീർ മുൻ ഡിജിപി ശേഷ് പോൾ വൈദ്. 15 ദിവസത്തെ ഡൽഹി യാത്ര ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി. ഈ പ്രതിസന്ധിയിൽ നടപടിയെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും സുപ്രീം കോടതിയും തയ്യാറാകണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. (Delhi Air Pollution)
‘ഡൽഹിയിൽ 15 ദിവസം ചെലവഴിച്ചതിന് ശേഷം ഞാനും കുടുംബവും ഇന്ന് ജമ്മുവിലേക്ക് മടങ്ങിയെത്തി. ഞങ്ങളുടെ അവസ്ഥ വളരെ മോശമാണ്. ആയിരം സിഗരറ്റുകൾ വലിച്ചതിന് സമാനമായ പുകച്ചിൽ അനുഭവപ്പെടുന്നു. ഇതിന് പുറമെ, കഠിനമായ തൊണ്ടവേദനയും മൂക്കൊലിപ്പും വേറെയും. കുറഞ്ഞ കാലത്തേക്ക് വരുന്ന സന്ദർശകരുടെ അവസ്ഥ ഇതാണെങ്കിൽ, ഡൽഹിയിലെ കുട്ടികളുടെയും പ്രായമായവരുടെയും നിലവിൽ ശ്വാസകോശ രോഗങ്ങളുള്ളവരുടെയും ദുരിതം ഒന്നാലോചിച്ചു നോക്കൂ.
ഈ പ്രതിസന്ധി സുപ്രീം കോടതിയേയും കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും ഉടനടി നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ. പിന്നെ മറ്റെന്ത് കാര്യത്തിനാണ് അതിന് കഴിയുക? ആർക്കാണ് ഇതിന്റെ ഉത്തരവാദിത്വം? ഒരു ഗ്യാസ് ചേംബറായി നിലനിൽക്കാൻ ഡൽഹിയെ എത്ര കാലം അനുവദിക്കും?’, അദ്ദേഹം എക്സിൽ കുറിച്ചു.
ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുഗുണനിലവാരം 'മോശം' അല്ലെങ്കിൽ 'വളരെ മോശം' വിഭാഗത്തിലായിരുന്നു. ഇടയ്ക്ക് 'ഗുരുതരം' എന്ന നിലയിലേക്ക് വഷളാവുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഏഴിന് എയർ ക്വാളിറ്റി ഇൻഡെക്സ് 391 രേഖപ്പെടുത്തി 'ഗുരുതരം' എന്ന അവസ്ഥയിലേക്ക് താഴ്ന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.