'പ്രണയപ്പക' എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ കുത്തിക്കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

news
 പൂനെ : പ്രണയം നിരസിച്ചതിനെ തുടർന്ന് 14കാരിയായ കബഡി താരത്തെ നടുറോഡിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേരെ പിടികൂടിയതായി പൂനെ പൊലീസ് അറിയിച്ചു. മുഖ്യപ്രതി ഋഷികേശ് ഭാഗവത് (22) ആണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്. കേസിൽ പ്രായപൂത്തിയാകാത്ത മറ്റ് മൂന്ന് പ്രതികളെ നേരത്തേ കസ്റ്റഡിയിലെടുത്തതായും ഡിസിപി നമ്രത പട്ടീൽ അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്‌ച പൂനെയിലെ ബിബ്വേവാടിയിലായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം ഫിറ്റ്‌നെസ് ക്ലാസിൽ പോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ കൂട്ടുകാര്‍ക്കൊപ്പമെത്തിയ ഋഷികേശ് മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.പെൺകുട്ടിയുമായി വാക്കുതർക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു.അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നതായി കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും ഒരു കളിത്തോക്കും കണ്ടെടുത്തു. ഇത് പെൺകുട്ടിയുടെ സുഹൃത്തുക്കളെ ഭയപ്പെടുത്താനായി ഉപയോഗിച്ചതാകാമെന്നാണ് കരുതുന്നത്. കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.

Share this story