
റാഞ്ചി: 2018 ലെ മാനനഷ്ടക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു(Rahul Gandhi). ജൂൺ 26 ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2018-ൽ കോൺഗ്രസ് പാർട്ടി പരിപാടിയിൽ രാഹുൽ ഗാന്ധി നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളാണ് കേസിന് ആധാരം. അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെക്കുറിച്ചാണ് രാഹുൽ ഗാന്ധി അധിക്ഷേപകരമായ പരാമർശം നടത്തിയത്.
"ഒരു കൊലപാതകിക്കും കോൺഗ്രസിൽ ദേശീയ പ്രസിഡന്റാകാൻ കഴിയില്ല. കോൺഗ്രസുകാർക്ക് ഒരു കൊലപാതകിയെ ദേശീയ പ്രസിഡന്റായി അംഗീകരിക്കാൻ കഴിയില്ല, ഇത് ബിജെപിയിൽ മാത്രമേ സാധ്യമാകൂ" എന്ന് ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ 2018 ജൂലൈ 9 ന് ചൈബാസ നിവാസിയായ പ്രതാപ് കത്യാർ ആണ് പരാതി സമർപ്പിച്ചത്. തുടർന്ന് 2022 ഏപ്രിലിലും 2024 ഫെബ്രുവരിയിലും ചൈബാസ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ, കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധിയുടെ നിയമോപദേശകൻ ആവശ്യപ്പെട്ടെങ്കിലും ഹർജി നിരസിക്കപ്പെടുകയായിരുന്നു. അതേസമയം ഇത് കൂടാതെ രാഹുൽ ഗാന്ധിക്കെതിരെ സുൽത്താൻപൂർ കോടതിയിൽ ഒരു മാനനഷ്ടക്കേസ് കൂടി നിലനിൽക്കുന്നുണ്ട്.