ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു.രണ്ട് സിഐഎസ്എഫ് ജവാന്മാരുൾപ്പടെ 40 പേർ മരിച്ചു. 120 പേർക്ക് പരുക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
എന്‍ഡിആര്‍എഫ്, എസ്ഡ് ആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹിമാചൽപ്രദേശിൽ പലയിടത്തും മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻനാശനഷ്ടമുണ്ടായി.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു.ഭക്ഷണം കഴിക്കാൻ കാത്തുനിന്ന നൂറു കണക്കിന് തീർത്ഥാടകരെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ കാണാതായി. കാലാവസ്ഥ പ്രതികൂലമായതിനാൽ വ്യോമമാർഗം രക്ഷാപ്രവർത്തനം സാധിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുമായും മുഖ്യമന്ത്രിയുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മുകാഷ്മീർ ലെഫ്. ഗവർണറും ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി.