

ജോധ്പൂർ: രാജസ്ഥാനിലെ ഗ്രാമങ്ങളിൽ പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു വിചിത്ര വിലക്ക്. ഗാസിപൂർ ഗ്രാമത്തിലെ ചൗധരി കമ്മ്യൂണിറ്റി പ്രസിഡന്റ് സുജ്‌നാറാം ചൗധരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. 14 ഉപവിഭാഗങ്ങളും ഈ തീരുമാനത്തിന് പിന്തുണ നൽകിയിട്ടുണ്ട്.
മരുമക്കൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും ക്യാമറയുള്ള സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. പകരം സാധാരണ സ്വിച്ച് ഫോണുകൾ (Keypad phones) മാത്രമേ ഉപയോഗിക്കാവൂ. അയൽവാസികളുടെ വീട്ടിലേക്കോ മറ്റ് പൊതുപരിപാടികൾക്കോ പോകുമ്പോൾ ഫോൺ കൂടെ കൊണ്ടുപോകുന്നത് നിരോധിച്ചു. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പഠനാവശ്യത്തിന് ഫോൺ വേണമെന്നുണ്ടെങ്കിൽ വീട്ടിൽ വെച്ച് മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ. പുറത്തു കൊണ്ടുപോകാൻ അനുവാദമില്ല.
ഈ നടപടിയിൽ വിമർശിക്കേണ്ട കാര്യമില്ലെന്നാണ് സുജ്‌നാറാം ചൗധരിയുടെ പക്ഷം. സ്ത്രീകൾ ഫോണിൽ നോക്കിയിരിക്കുന്നത് കുട്ടികളുടെ കണ്ണിന് ദോഷകരമാണ്, ജോലിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ചിലർ ബോധപൂർവ്വം ഫോൺ ഉപയോഗിക്കുന്നു എന്നും ചൗധരി വാദിക്കുന്നു. ഫോൺ ഉപയോഗം കുറയുന്നതോടെ സ്ത്രീകൾക്ക് ദൈനംദിന വീട്ടുപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാകും എന്നും ഇയാൾ പറയുന്നു.
വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് വിമർശനം ഉയരുന്നുണ്ടെങ്കിലും, തങ്ങളുടെ സമൂഹത്തിന്റെ നന്മയ്ക്കായാണ് ഈ തീരുമാനമെന്നാണ് സമുദായ നേതാക്കളുടെ അവകാശവാദം.