
ചണ്ഡീഗഡ്: ലുധിയാനയിലെ ഒരു ദർഗയിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ ദർഗ സൂക്ഷിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശവകുടീരത്തിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഹർജീന്ദർ പാൽ (58) എന്ന ബാബ പമ്മി ഷായാണ് അറസ്റ്റിലായത്. തൻ്റെ കോഴിയെ കൊന്നതിനാണ് ഇയാൾ 26 വയസ്സുള്ള യുവാവിനെ മർദ്ദിച്ചതെന്ന് പോലീസ് അറിയിച്ചു.
മർദനമേറ്റ് മരിച്ചത് ഉത്തർപ്രദേശിലെ ബലിയാൻ സ്വദേശിയും നിലവിൽ ലുധിയാനയിലെ മുണ്ടിയനിൽ താമസിക്കുന്നതുമായ ഉമേഷ് യാദവാണ് (26). ഗ്രേറ്റർ ലുധിയാനയിലെ ദണ്ഡാരി കലൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശവകുടീരത്തിലാണ് സംഭവം.
അപസ്മാരത്തിനിടെ കോഴി ചത്തു, തുടർന്ന് ക്രൂരമർദ്ദനം
സംഭവത്തെക്കുറിച്ച് മരിച്ച ഉമേഷിന്റെ ബന്ധുവായ രാഹുൽ യാദവ് പോലീസിന് മൊഴി നൽകിയത് ഇങ്ങനെ:
തിങ്കളാഴ്ച വൈകുന്നേരം രാഹുലും ഉമേഷും ദാൻഡ്രി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ബന്ധുവിനെ യാത്രയാക്കിയ ശേഷം മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ ഉമേഷിന് അപസ്മാരം വന്നതിനാൽ അടുത്തുള്ള ദർഗയിൽ കിടത്തി. ഇവിടെ വെച്ച് ഒരു വെളുത്ത കോഴിയെ കണ്ടിരുന്നു. അപസ്മാരത്തിനിടെ ഉമേഷ് കോഴിയുടെ കഴുത്ത് പിരിച്ചതിനെ തുടർന്ന് കോഴി ചത്തു.
ചത്ത കോഴിയെ കണ്ടപ്പോൾ മൂന്നുപേർ എത്തി രാഹുലിനെയും ഉമേഷിനെയും വടികൊണ്ട് അടിച്ചു. തുടർന്ന് ശവകുടീരത്തിന്റെ പ്രധാന സൂക്ഷിപ്പുകാരനും കോഴിയുടെ ഉടമയുമായ ഹർജീന്ദർ പമ്മി ഷായെ വിളിച്ചുവരുത്തി.
കോഴി ചത്തുകിടക്കുന്നത് കണ്ട് കോപാകുലനായ ഹർജീന്ദർ ഉമേഷിനെ വടികൊണ്ട് അടിക്കുകയും തല ചുമരിൽ പലതവണ ഇടിക്കുകയും ചെയ്തു. അതിനുശേഷം ഉമേഷിനെ ഒരു മുറിയിൽ പൂട്ടിയിട്ടു. ഉമേഷിന്റെ പിതാവ് ബജ്രംഗിയെ വിളിച്ചു വരുത്തിയെങ്കിലും അദ്ദേഹത്തെയും ഹർജീന്ദറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ച് മുറിയിൽ പൂട്ടിയിട്ടു.
തിങ്കളാഴ്ച രാത്രി മുഖ്യ സൂക്ഷിപ്പുകാരൻ ഇവരെ തുറന്നുവിടുകയും പോലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടൻതന്നെ ഉമേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ ഉമേഷ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
മുഖ്യപ്രതി അറസ്റ്റിൽ
പ്രധാന പ്രതിയായ ഹർജീന്ദർ ഷാ നഗരം വിട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായതെന്ന് ലുധിയാന ജി.ആർ.പി സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ പൽവീന്ദർ സിങ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ, നാല് വർഷമായി താൻ ഒരു കുഞ്ഞിനെപ്പോലെ വളർത്തിയ തന്റെ കോഴിയോട് വൈകാരിക അടുപ്പമുണ്ടായിരുന്നെന്നും, അതിനെ കൊല്ലുന്നത് കണ്ടപ്പോൾ ദേഷ്യം വന്നതായും ഹർജീന്ദർ ഷാ മൊഴി നൽകി.
രാഹുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹർജീന്ദറിന്റെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും ഇൻസ്പെക്ടർ അറിയിച്ചു.