"ഞാൻ മനുഷ്യരെ വെറുക്കുന്നു... പ്രത്യേകിച്ച് ഇവരെ പോലെ ദാരിദ്ര്യരായവരെ" കുടിയേറ്റ തൊഴിലാളികളുടെ മക്കളെ തേടിപ്പിടിച്ച് കൊലപ്പെടുത്തിയ കൊലയാളി ദർബാര സിങ്| Darbara Singh

Darbara Singh
Published on

വർഷം 2004, പഞ്ചാബിലെ ജലന്ധറിലെ സാധാരണക്കാരുടെ സന്തോഷവും സമാധാനവും തച്ചുടച്ചു കൊണ്ട് ആ പട്ടണത്തിൽ വല്ലാത്തൊരു ഭീതി പടർന്നു പിടിച്ചിരുന്നു. ചെറുതും വലുതുമായ ഒട്ടനവധി ഫാക്ടറികൾ കൊണ്ട് നിറഞ്ഞതായിരുന്നു ജലന്ധർ. അവിടെ നിത്യവൃത്തിക്കായി സ്വന്തം നാടും വീടും വിട്ട് ജലന്ധറിൽ കുടിയേറിപ്പാർത്ത മനുഷ്യർ ഏറെയാണ്. ശ്വാസം വിടാൻ പോലും കഴിയാത്ത രീതിയിൽ തിങ്ങി ഞെരിഞ്ഞ ചേരികളിലാണ് കുടിയേറ്റ തൊഴിലാളികൾ ഏറെയും പാർക്കുന്നത്. കഴിഞ്ഞ ഏതാനം മാസങ്ങളായി ചേരിയിലെ പല വീടുകളിൽ നിന്നും പൊടുന്നനെ കുഞ്ഞുങ്ങളെ കാണാതെ പോകുന്നു. യാതൊരു തുമ്പും അവശേഷിപ്പിക്കാതെയാണ് കുട്ടികൾ മാഞ്ഞു പോയത്. കാണാതെയായി കുറച്ചു മാസങ്ങൾക്ക് ശേഷം ഏതാനം കുഞ്ഞുങ്ങളുടെ ശവശരീരം കണ്ടുകിട്ടിയിരുന്നു. ലൈംഗിക പീഡനങ്ങൾക്ക് വിധേയരായാണ് കുട്ടികൾ കൊല്ലപ്പെട്ടിരിക്കുന്നത്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മൂന്ന് വയസ്സിനും എട്ടു വയസ്സിനും ഇടയിലുള്ള കുറഞ്ഞത് 17 കുട്ടികളെയെങ്കിലും കാണാതായി. ഓരോ കുട്ടിയേയും കാണാതെ പോകുമ്പോഴും വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നു. എന്നാൽ, കൊല്ലപ്പെട്ടവരും കാണാതെപോയവരും കുടിയേറ്റ തൊഴിലാളികളുടെ മക്കളായത് കൊണ്ട് തന്നെ പോലീസ് ഈ പരാതികൾക്ക് അത്രകണ്ട് വലിയ പ്രധാന്യം നൽകിയിരുന്നില്ല.(Darbara Singh)

പലരും ചേരിയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന ആപതിനെ ഭയന്ന് കുട്ടികളെ പുറത്തു വിടാതെയായി. തങ്ങളുടെ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ഭീതിയായിരുന്നു അവരുടെ ഉള്ളിൽ. കുട്ടികളെ കാണ്മാനില്ല എന്ന പരാതികൾ ഉന്നയിച്ചു കൊണ്ട് സ്റ്റേഷനിൽ കരഞ്ഞ് നിലവിളിച്ച് എത്തുന്ന മാതാപിതാക്കളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടേയിരുന്നു. കുട്ടികളെ ആരോ തട്ടിക്കൊണ്ടു പോകുന്നതാണ് എന്ന് വ്യക്തം എന്നാൽ ആര് എന്ന ചോദ്യം അവരുടെ മുന്നിൽ ബാക്കിയായിരുന്നു. തെളിവുകളോ ദൃസാക്ഷിയോ ഇല്ല, അപ്പോൾ എങ്ങനെ കുട്ടികളെ കണ്ടെത്തും. അകെ വലഞ്ഞ പോലീസുകാരുടെ അടുത്തേക്ക് പരാതിയുമായി ഒരു കുടുംബം എത്തുന്നു. തങ്ങളുടെ മകനെ ആരോ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. ഭാഗ്യം കൊണ്ട് മാത്രം അവൻ രക്ഷപ്പെട്ടു. അതോടെ പോലീസ് ഉദ്യോഗസ്ഥർ ആ കുട്ടിയോട് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു.

"നിന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആളുടെ മുഖം നിനക്ക് ഓർമ്മയുണ്ടോ? അയാളെ ഇനി കണ്ടാൽ നീ തിരിച്ചറിയുമോ?"

"അയാളുടെ കൈയിൽ നിറയെ മിഠായി ഉണ്ടായിരുന്നു, പിന്നെ അയാളെ മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ല"

ഒടുവിൽ ആ കുട്ടിയുടെ സഹായത്തോടെ പോലീസ് പ്രതി എന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖചിത്രം തയ്യാറാക്കുന്നു. രേഖ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നു. ഒക്ടോബർ 29, പ്രതിയുടെ രേഖ ചിത്രത്തിന് സാമ്യമുള്ള ഒരു മനുഷ്യൻ സൈക്കിളിൽ നിറയെ മിഠായിയുമായി കറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നു. പിന്നെ ഒട്ടു വൈകിയില്ല പോലീസ് ആ അയാളെ പിടിക്കുന്നു. ശേഷം നേരെ പോലീസ് സ്റ്റേഷനിൽ കൊണ്ടു വരുന്നു. കുടിയേറ്റ തൊഴിലാളിയുടെ മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനാണ് ആ മനുഷ്യനെ പോലീസ് പിടികൂടിയത്. എന്നാൽ ആ മനുഷ്യൻ പോലീസിനോട് ചില കാര്യാങ്ങൾ വെളിപ്പെടുത്തുന്നു. ജലന്ധറിൽ ഉടനീളം കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് താൻ തന്നെയാണ് എന്നായിരുന്നു അയാളുടെ വെളിപ്പെടുത്തൽ.

"ഞാൻ ദർബാര സിങ്, ഞാൻ തന്നെയാണ് ആ പതിനേഴു കുട്ടികളെയും കൊലപ്പെടുത്തിയത്"

ദർബാര സിങിന്റെ വാക്കുകൾ കേട്ടുനിന്ന പോലീസുകാർ ആദ്യമൊന്നു ഞെട്ടി. പിന്നീട് തുടർ അന്വേഷണങ്ങൾ നടത്തിയപ്പോഴാണ് ജലന്ധറിലെ ചേരികളിൽ തിങ്ങിപാർക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ മക്കളെ തട്ടിക്കൊണ്ടു പോയി നിഷ്കരുണം കൊലപ്പെടുത്തിയത് ദർബാര സിങ് ആണ് എന്ന് തെളിയുന്നത്. നീ എന്തിന് വേണ്ടിയാണ് ഇത്രയും അധികം കുട്ടികളെ കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന് അയാൾ നൽകിയ മറുപടി തീർത്തും ഭയാനകമായിരുന്നു

"ഞാൻ മനുഷ്യരെ വെറുക്കുന്നു... പ്രത്യേകിച്ച് ഇവരെ പോലെ ദാരിദ്ര്യരായവരെ"

ചേരിയിൽ കഴിയുന്ന കുട്ടികൾക്ക് മധുപലഹാരങ്ങളോ മിഠായിയോ നൽകിഅവരുടെ വിശ്വാസം പിടിച്ചുപറ്റുന്നു. തുടർന്ന് തക്കം നോക്കി കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടു പോകുന്നു. അവിടെ വച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നു. തന്റെ കാമാസക്തി അടങ്ങും വരെ അയാൾ കുട്ടികളെ ഉപദ്രവിക്കുന്നു. കുട്ടികളുടെ ശരീരത്തിൽ അംഗഭംഗം വരുത്തിന്നു ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കും. ശേഷം കഴുത്ത് അറുത്തും ഞെരിച്ചും കൊല്ലുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശവശരീരം കാട്ടിലോ മറ്റോ ഉപേക്ഷിക്കുന്നു. ദർബാര സിങ്ങിന്റെ ഇരകൾ കുടിയേറ്റ തൊഴിലാളികളുടെ മക്കൾ മാത്രമായിരുന്നു. ഇങ്ങനെ കുടിയേറ്റ തൊഴിലാളികളുടെ മക്കളെ മാത്രം തേടിപ്പിച്ച് കൊലപ്പെടുത്തിയത് അവരോടുള്ള അടങ്ങാത പക കാരണമാണ്.

1960 കളുടെ തുടക്കത്തിൽ പഞ്ചാബിൽ ജനിച്ച ദർബാര സിങ്ങിന്റെ ആദ്യകാല ജീവിതത്തിൽ ആഴത്തിലുള്ള വൈകാരിക അസ്വസ്ഥതയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ചെറുപ്പം മുതലേ, ദർബാര സിങ് ആക്രമണാത്മക പെരുമാറ്റവും അക്രമത്തോടുള്ള അസാധാരണമായ ആകർഷണവും പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ സായുധ സേനയിൽ അംഗമായിരുന്നു ദർബാര സിങ്. എന്നാൽ 1975 ൽ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ വീട്ടിൽ ഹാൻഡ് ഗ്രനേഡ് എറിഞ്ഞ കുറ്റത്തിന് സേനയിൽ നിന്നും പുറത്താക്കിയിരുന്നു. സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ദർബാര സിങ് 1996 ൽ ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിക്കുന്നു. 1997-ൽ, ബലാത്സംഗം, കൊലപാതകശ്രമം എന്നീ മൂന്ന് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി മുപ്പത് വർഷത്തെ തടവിന് ദർബാര സിങ്ങിനെ കോടതി ശിക്ഷിക്കുന്നു. 2003 ഡിസംബർ 3-ന്, നല്ല നടപ്പിന്റെ അടിസ്ഥാനത്തിൽ ദർബാര സിങ് ജയിൽ മോചിതനായി.

ജയിൽമോചിതനായ ദർബാര സിങിന് കുടിയേറ്റക്കാരോട് വല്ലാത്തൊരു വിധ്വേഷം വളർന്നു വന്നിരുന്നു. തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലിൽ കഴിയേണ്ടി വന്നത് കുടിയേറ്റക്കാർ കാരണമാണ് എന്ന ചിന്ത അയാളിൽ പ്രതികാര മനോഭാവം വളർത്തുന്നു. ഇതാണ് ഒന്നിന് പിറകെ ഒന്നായി പതിനേഴോളം കുഞ്ഞുങ്ങളുടെ ജീവൻ എടുക്കാൻ കാരണമായത്.

2004-ൽ അറസ്റ്റിലായതിനു ശേഷം, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട 18 കേസുകളിൽ ദർബര സിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ, 2007 ൽ തെളിവുകളുടെ അഭാവത്തിൽ മൂന്ന് കേസുകളിൽ നിന്ന് അയാളെ കുറ്റവിമുക്തനാക്കി. 2008 ജനുവരിയിൽ, രണ്ട് കുട്ടികളെ കൊലപ്പെടുത്തിയതിന് കോടതി ദർബാര സിങിനെ വധശിക്ഷയ്ക്ക് വിധിക്കുന്നു. സംശയാസ്പദമായ സാക്ഷികൾ, മോശം ഫോറൻസിക് നടപടിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി 2009-ൽ, പഞ്ചാബ്-ഹരിയാന ഹൈക്കോടതി വധശിക്ഷ റദ്ദാക്കി ജീവപര്യന്തമായി കുറച്ചിരുന്നു. 2018 ൽ ജൂൺ ആറിന് ദർബാര സിങ് മരണപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com