ദളിത് യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ | Dalit Youth Dies in Police Custody

ദളിത് യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ | Dalit Youth Dies in Police Custody
Published on

മധ്യപ്രദേശ്: ഭോപാലിലെ ഡെവാസ് ജില്ലയിൽ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന ദളിത് യുവാവ് മരിച്ചു(Dalit Youth Dies in Police Custody). സ്ത്രീയുടെ പരാതിയിൽ മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ മുകേഷ് ലോംഗ്രെ (35) ആണ് ശനിയാഴ്ച സത്‍വാസ് പോലീസ് സ്റ്റേഷനിൽ മരിച്ചത്. മുകേഷിനെതിരേ നടപടിയുണ്ടാകാതിരിക്കാൻ പോലീസുകാർ കൈക്കൂലിയാവശ്യപ്പെട്ടെന്നും മുകേഷിനെ പോലീസ് കൊലപ്പെടുത്തിയതാണെന്നും കുടുംബം പറഞ്ഞു. സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും സസ്പെൻഡുചെയ്യും വരെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ സമ്മതിക്കില്ലെന്നു പറഞ്ഞ് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു.

ഒരു സ്ത്രീ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് ഡിസംബർ 26-ന് ചോദ്യം ചെയ്യലിനായാണ് മുകേഷിനെ പോലീസ് വിളിച്ചു വരുത്തിയത്. ഇൻസ്പെക്ടർ മൊഴി വായിക്കവേ മുകേഷ് കൈയിലുണ്ടായിരുന്ന തൂവാലയുപയോഗിച്ച് ലോക്കപ്പിലെ ജനൽക്കമ്പിയിൽ കെട്ടിത്തൂങ്ങുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് പുനീത് ഗഹ്‍ലോത് പറഞ്ഞു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. മുകേഷിന്റെ പേരിൽ കേസൊന്നുമില്ലെന്നും മൊഴി രേഖപ്പെടുത്താൻ വേണ്ടി മാത്രമാണ് വിളിച്ചുവരുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നന്ദാനി യുകായ് അന്വേഷണമാരംഭിച്ചു. മൊഴിയെടുത്ത ഇൻസ്പെക്ടർ ആശിഷ് രജ്പുതിനെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെഡുചെയ്തു.

കസ്റ്റഡി മരണമാരോപിച്ച് പോലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസും പ്രതിഷേധം നടത്തി. ദളിത് യുവാവ് കൊല്ലപ്പെട്ടതിൻ്റെ പൂർണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മോഹൻ യാദവ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com