
ചെന്നൈ: പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം. അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച് വിരലുകൾ മുറിച്ചുമാറ്റിയത്. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം നടന്നത്. 11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടാത്. ആക്രമണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി, ദേവേന്ദ്രനെ ബസിൽ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. പിതാവ് തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. തലക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. മറ്റ് യാത്രക്കാർ ഇടപെട്ടപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെട്ടു. ദേവേന്ദ്രനെ ശ്രീവൈകുണ്ഡം സർക്കാർ ആശുപത്രിയിലേക്കും പിന്നീട് തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്കും കൊണ്ടുപോയി. വിരലുകൾ വീണ്ടും ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കി. അരിയാനയഗപുരം എന്ന ഗ്രാമത്തിലെ ഇഷ്ടിക ചൂളയിലെ തൊഴിലാളിയായിരുന്നു തങ്ക ഗണേഷ്.