
ന്യൂഡല്‍ഹി: ടിബറ്റന്‍ ബുദ്ധ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം. ദലൈലാമയുടെ ജീവന് ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഇസഡ് കാറ്റഗറിയിലേക്ക്
ഉയര്‍ത്തിയത്.
സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറപ്പെടുവിക്കുന്ന നിമിഷം തൊട്ട് ഇസഡ് കാറ്റഗറി സുരക്ഷ ദലൈലാമയ്ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. വീട്ടിലും പുറത്തുപോകുമ്പോഴും മുപ്പത്തിമൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അധികമുള്ള സംഘം എപ്പോഴും ഉണ്ടായിരിക്കണം എന്നാണ് നൽകിയിരിക്കുന്ന നിര്‍ദേശം.
1989 മുതലാണ് ദലൈലാമ ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ താമസം തുടങ്ങിയത്. അന്നുമുതല്‍ അദ്ദേഹത്തിന് സുരക്ഷാഭീഷണികള്‍ വന്നിരുന്നു. നിരവധി സംഘടനകളില്‍ നിന്നും നിരന്തരം ഭീഷണി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാഗവണ്‍മെന്റ് ദലൈലാമയ്ക്ക് ഓരോ കാലഘട്ടത്തിലും സുരക്ഷകള്‍ ഏര്‍പ്പെടുത്തിയിരുന്നു.