ഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് രാജ എത്തുന്നത്. പുതിയ ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.കേരളത്തില്‍ നിന്ന് ടി.ജെ. ആഞ്ചലോസും ഗോവിന്ദന്‍ പള്ളിക്കാപ്പിലും ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അതേ സമയം, ഡി രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം, തമിഴ്നാട്, ആന്ധ്ര, ഡൽഹി ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
അതേ സമയം, പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇളവ് നൽകിയുള്ള തീരുമാനം ഐക്യകണ്ഠേന എടുത്തത് എന്ന് ഡി. രാജ പ്രതികരിച്ചു. പാർട്ടിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യരുതെന്നും ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഡി രാജ പറഞ്ഞു.
എഴുപത്തിയാറുകാരനായ ഡി.രാജ തമിഴ്നാട്ടില്‍ നിന്നുള്ള ദളിത് നേതാവാണ്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് രാജ രാഷ്ട്രീയത്തിലേക്ക് എത്തിയത്.1975 മുതല്‍ 1980 വരെ ഓള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. 1985 മുതല്‍ 1990 വരെ ഓള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ ദേശീയ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1994 മുതല്‍ 2019 വരെ സിപിഐ ദേശീയ സെക്രട്ടറിയായി. 2007-ലും 2013-ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളിലും അംഗമായിരുന്നു ഡി രാജ. 2019 ജൂലൈയില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എസ്.സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ജനറല്‍ സെക്രട്ടറി പദവിലെത്തിയത്. 2022 ല്‍ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.