അമരാവതി : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടിണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്.അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ചുഴലിക്കാറ്റ് കരയിലേക്ക് വീശിയടിച്ചതിന് ശേഷമുള്ള മൂന്ന് മണിക്കൂർ ആന്ധ്രയിലും തെക്കൻ ഒഡിഷ തീരത്തും ഏറെ നിർണായകമാണ്. അതീവ ജാഗ്രത നിർദേശമാണ് ഇവിടെ നൽകിയിരിക്കുന്നത്. മണിക്കൂറിൽ 90-100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങളിലാണ് നിലവിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മധ്യ, വടക്കൻ ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 92 മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ആന്ധ്രയിലെ 17 ജില്ലകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി. ചുഴലിക്കാറ്റ് കടന്നുപോകുന്ന ജില്ലകളിൽ നാളെ രാവിലെ 6:30 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ റോഡിൽ ഇറക്കരുതെന്നാണ് നിർദേശം.
ഒക്ടോബർ 29-ന് വൈകുന്നേരം മുതൽ പുലർച്ചെ വരെ തെക്കൻ ഒഡീഷയിലും തെക്കൻ ഛത്തീസ്ഗഢിലും കിഴക്കൻ തെലങ്കാനയിലും ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.