അമരാവതി : മോൻതാ അതിതീവ്ര ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് ആന്ധ്രാപ്രദേശ് തീരം കടന്നു. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർധരാത്രിയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ആൾനാശമുണ്ടാകാതിരിക്കാനായി ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചത് വലിയ ദുരന്തം ഒഴിവാക്കി. എങ്കിലും, ഇതുവരെ ആറ് പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(Cyclone Montha hits Andhra Pradesh coast, causing heavy damage)
സംസ്ഥാനത്ത് കാർഷിക, വൈദ്യുതി മേഖലകളിൽ കനത്ത നഷ്ടമാണ് ചുഴലിക്കാറ്റ് വരുത്തിയത്. 43,000 ഹെക്ടറിലധികം കൃഷി നശിച്ചു.
ഏകദേശം $2,200 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി മേഖലയിൽ കണക്കാക്കുന്നത്. സബ്‌സ്റ്റേഷനുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയ്ക്ക് വ്യാപകമായി നാശനഷ്ടം സംഭവിച്ചു.
35,000-ത്തിലധികം ആളുകൾ നിലവിൽ സുരക്ഷിത ക്യാമ്പുകളിലാണ് കഴിയുന്നത്. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ഉൾപ്പെടെ നിരവധി ജില്ലകളിൽ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്.
ചുഴലിക്കാറ്റിനെ തുടർന്ന് ട്രെയിൻ, വിമാന സർവീസുകൾ താറുമാറായി. 20 ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിശാഖപട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കി.