
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് കേന്ദ്ര സർക്കാർ 944.80 കോടി ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായാണ് തുക അനുവദിച്ചത്. (Cyclone Fengal)
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സഹായം എത്തിയത്. ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശംവിതച്ച് ദിവസങ്ങൾക്കുള്ളിൽ ആണ് തമിഴ്നാടിന് കേന്ദ്രം സഹായം ലഭ്യമാക്കിയത്. 2000 കോടി രൂപയാണ് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തിയിട്ടുണ്ട്. കേന്ദ്ര സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന് ശേഷം കൂടുതൽ തുക നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.