മുംബൈ: സൈബർ തട്ടിപ്പിലൂടെ മറാത്താ നടൻ സാഗർ കരന്ദേയ്ക്ക് 61 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ടാസ്ക് തട്ടിപ്പിനിരയായാണ് പണം നഷ്ടമായത്. സമൂഹമാധ്യമങ്ങളിലെ പേജുകളിലെ വിഡിയോകൾ ലൈക്ക് ചെയ്താൽ പണം ലഭിക്കുമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് നടന് പണം നഷ്ടമായത്. ആദ്യമൊക്കെ ഇതിൽ നിന്ന് ചെറിയ തുകകൾ ലഭിച്ചു. പിന്നീട് വലിയ തുക ലഭിക്കാൻ പണം നിക്ഷേപിക്കണമെന്നു തട്ടിപ്പുകാർ പറഞ്ഞു. ഇതനുസരിച്ച് പല തവണയായി പണം നൽകി. ഇതു തിരികെ കിട്ടാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. തുടർന്ന് നടൻ പോലീസിൽ പരാതി നൽകുകയായിരുന്നു. 3 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒരു ടാസ്ക് ചെയ്യുന്നതിനു പ്രതിഫലമായി പണം നൽകും. പിന്നീട് കൂടുതൽ തുക കിട്ടാൻ പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടും. അങ്ങനെ നിക്ഷേപിക്കുന്ന പണം തിരികെക്കിട്ടില്ല. ഇതാണ് ടാസ്ക് തട്ടിപ്പ്. ഉന്നതവിദ്യാഭ്യാസമുള്ളവരും വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവരുമടക്കം ഒട്ടേറെ പേർ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.