ന്യൂഡൽഹി: പ്രമുഖ ഹോട്ടൽ ബുക്കിംഗ് വെബ്‌സൈറ്റുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവന്ന യുവാവിനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിഹാറിലെ ഷെയ്ഖ്പുര സ്വദേശിയായ പ്രതോഷ് കുമാർ (26) ആണ് പിടിയിലായത്. അമേരിക്കയിൽ താമസിക്കുന്ന ഒരാൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.(Cyber fraud in the name of hotel booking, Bihar native arrested in Delhi)
പ്രമുഖ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റുകൾ വഴിയാണ് പ്രതി ഇരകളെ ആകർഷിച്ചിരുന്നത്. ബുക്കിംഗിനായി സൈറ്റിൽ കയറുന്നവരെ കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ആണെന്ന് നടിച്ച് പ്രതി ഫോണിൽ ബന്ധപ്പെടും. ബുക്കിംഗ് സ്ഥിരീകരിക്കാനോ റീഫണ്ട് നൽകാനോ എന്ന വ്യാജേന ഇരകളുടെ ഒടിപി (OTP), യുപിഐ (UPI) വിവരങ്ങൾ സോഷ്യൽ എൻജിനീയറിംഗ് തന്ത്രങ്ങളിലൂടെ ഇയാൾ ചോർത്തും.
വിവരങ്ങൾ ലഭിച്ചാലുടൻ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കും. പരാതിക്കാരനായ പ്രവാസിക്ക് ഇത്തരത്തിൽ 57,186 രൂപയാണ് നഷ്ടമായത്. ഈ പണം പ്രതി സ്വന്തം ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാനാണ് ഉപയോഗിച്ചത്. പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ നമ്പറുകൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലെ 29 വ്യത്യസ്ത പരാതികളുമായി ബന്ധമുള്ളതാണെന്ന് ഡിസിപി ആദിത്യ ഗൗതം അറിയിച്ചു. കഴിഞ്ഞ ആറ് വർഷമായി ഇയാൾ സമാനമായ തട്ടിപ്പുകളിൽ ഏർപ്പെട്ടു വരികയായിരുന്നു.
മൂന്ന് മൊബൈൽ ഫോണുകൾ, ഒരു വ്യാജ ആധാർ കാർഡ്, തട്ടിപ്പിനായി ഉപയോഗിച്ച വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി, ഓൺലൈൻ സേവനങ്ങളുടെ പ്രതിനിധിയായി അഭിനയിക്കാൻ വ്യാജ തിരിച്ചറിയൽ രേഖകളാണ് ഉപയോഗിച്ചിരുന്നത്.