ന്യൂഡൽഹി: രാജ്യത്തെ നിലവിലെ ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ പൂർണമായും അവസാനിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഈ സംവിധാനത്തിന് പകരമായി, ഹൈവേ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്ന ഒരു ഇലക്ട്രോണിക് സംവിധാനം നിലവിൽ വരും. ലോക്‌സഭയിൽ ചോദ്യോത്തര വേളയിലാണ് നിതിൻ ഗഡ്കരി സുപ്രധാന പ്രഖ്യാപനം നടത്തിയത്.(Current toll collection system will be completely phased out within a year, says Nitin Gadkari)
"ഈ ടോൾ സംവിധാനം അവസാനിക്കും. ടോളിന്റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ ഇലക്ട്രോണിക് ടോൾ പിരിവ് രാജ്യത്തുടനീളം നടപ്പിലാക്കും," അദ്ദേഹം വ്യക്തമാക്കി. പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ പത്തിടങ്ങളിൽ പരീക്ഷിച്ചു കഴിഞ്ഞെന്നും ഒരു വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ രാജ്യത്ത് 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഗഡ്കരി സഭയെ അറിയിച്ചു. ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനുള്ള നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻ.ഇ.ടി.സി.) പ്രോഗ്രാമിന്റെ അടിസ്ഥാനം ഫാസ്ടാഗ് സംവിധാനമാണ്.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി.) അടിസ്ഥാനമാക്കിയുള്ള ഈ ഉപകരണം വാഹനത്തിന്റെ വിൻഡ്ഷീൽഡിലാണ് സ്ഥാപിക്കുന്നത്. ടോൾ പ്ലാസയിൽ വാഹനം നിർത്താതെ തന്നെ ഉപയോക്താവിന്റെ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് ടോൾ തുക ഓട്ടോമാറ്റിക്കായി അടയ്ക്കാൻ ഇത് സഹായിക്കുന്നു. ഇലക്ട്രോണിക് ടോൾ പേയ്‌മെന്റുകൾക്കായുള്ള ഏകീകൃതവും പരസ്പരം പ്രവർത്തിക്കുന്നതുമായ പ്ലാറ്റ്‌ഫോമായ എൻ.ഇ.ടി.സി. പ്രോഗ്രാം നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) വികസിപ്പിച്ചെടുത്തതാണ്. ഈ സാങ്കേതികവിദ്യ രാജ്യവ്യാപകമായി വിപുലപ്പെടുത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.